കുറവിലങ്ങാട്: ഡ്രൈവിംഗ് ടെസ്റ്റിന്റെ പേരില്‍ ജില്ലയ്ക്ക് തന്നെ അഭിമാനമായിരുന്ന കംപ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് വെറും നോക്കുകുത്തി.
ഉഴവൂര്‍ ജോയിന്റ് ആര്‍ടിഒ ഓഫീസ് പരിധിയില്‍ യാഥാര്‍ഥ്യമാക്കിയ കംപ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കാണ് ഉപയോഗമില്ലാതെ കാടുവളര്‍ന്ന് നില്‍ക്കുന്നത്.
വലിയ പ്രതീക്ഷയോടെ ലക്ഷങ്ങള്‍ മുടക്കിയ ട്രാക്കിനെ നോക്കുകുത്തിയാക്കി കമ്പിയടിച്ച് റിബണ്‍ കെട്ടിയാണ് ഇപ്പോഴത്തെ പരിശോധന.
2016 ഫെബ്രുവരി ഒന്നിന് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളുടെയും കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. ജനപ്രതിനിധികള്‍ക്കൊപ്പം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരുന്ന ടോമിന് തച്ചങ്കരിയടക്കം പങ്കെടുത്തു.
ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളുടെയും കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കിന്റെയും ഒന്നാംഘട്ട ഉദ്ഘാടനവും രണ്ടാംഘട്ട നിര്‍മാണവും മന്ത്രി എ.കെ. ശശീന്ദ്രന് 2019 ഫെബ്രുവരി 25ന് ഉദ്ഘാടനം ചെയ്ത് നാടിന് സമ്മാനിച്ചു.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സുധേഷ്കുമാറും ജനപ്രതിനിധികളും പങ്കെടുത്ത വലിയ ആഘോഷത്തെ സ്വീകരിച്ച നാടിന് കാടുകയറിയ കെട്ടിടസമുച്ചയങ്ങള്‍ ഇപ്പോള്‍ സമ്മാനിക്കുന്നത് നാണക്കേടാണ്.
കംപ്യൂട്ടറൈസ്ഡ് ട്രാക്കിനും കെട്ടിടങ്ങള്‍ക്കും നടുവില്‍ വാര്‍ക്കകമ്പി മണ്ണിലടിച്ച് നിറുത്തി റിബണ്‍ കെട്ടി അടയാളം നിര്‍ണയിച്ചാണ് ഇപ്പോഴത്തെ പരിശോധന.
ഡ്രൈവിംഗ് ടെസ്റ്റിനുള്ള സൗകര്യങ്ങള്‍ക്കൊപ്പം വാഹനങ്ങളുടെ പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ലഭ്യമാക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാം കാടുകയറിയ നിലയിലാണ്.
മോനിപ്പള്ളി കല്ലിടുക്കിയില്‍ മുവാറ്റുപുഴ നദീതടജലസേചന പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി ലഭ്യമാക്കിയാണ് വലിയ വികസനം നാട്ടിലെത്തിച്ചത്.