സഖാവായ അച്ഛന്, രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനിടെ മരണത്തെ പുല്കിയ അച്ഛന്, ഇതിലും നല്ലൊരു യാത്രയയപ്പ് നല്കാന് ഇല്ല എന്ന് തോന്നിയിരിക്കണം ആ മകന്. അതുകൊണ്ടാവും ചിത കത്തിയെരിയുന്ന നിമിഷത്തില്‍ തൊണ്ട പൊട്ടുമാറ് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ ആ ചെറുപ്പക്കാരന് കഴിഞ്ഞത്.
നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടയില്‍ ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുഴഞ്ഞു വീണ കൗണ്‍സിലര്‍ മരിച്ച വി.എസ്. അജയന്റെ സംസ്കാര ചടങ്ങിലാണ് മുദ്രാവാക്യം മുഴങ്ങിയത്. മകന് അഭിജിത്താണ് വൈകാരികമായി മുദ്രാവാക്യം മുഴക്കിയത്. സംസ്കാര ചടങ്ങിനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരും മുദ്രാവാക്യം ഏറ്റുചൊല്ലുക കൂടി ചെയ്തതോടെ മരിച്ച വ്യക്തിയ്ക്കുള്ള ആദരവായി അത് മാറുകയും ചെയ്തു.
കായംകുളം സെന്‍ട്രല്‍ പ്രൈവറ്റ് ബസ്റ്റാന്‍ഡിനു സമീപം സ്ഥലമെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച വാക്കേറ്റത്തിലേക്കും സംഘര്‍ഷത്തിലേക്കും വഴിമാറുകയായിരുന്നു. ഇതിന് ശേഷം ഇടതുമുന്നണി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് അജയന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. തുടര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും പുലര്‍ച്ചെ നാലുമണിയോടെ മരിക്കുകയായിരുന്നു.