
കൊച്ചി: കോമഡി ഷോകളില്‍ നിറംകുറഞ്ഞവരെ അപമാനിക്കുന്ന രീതിയില്‍ പരിപാടി ചെയ്തത് വിമര്‍ശിച്ച യുവതിയെ ഫോണില്‍ വിളിച്ച് അപമാനിച്ച കോമഡി നടനെതിരേ പ്രതിഷേധം ശക്തം.
യുട്യൂബിലെ നിറസാന്നിധ്യമായ യുവതിയെ അപമാനിച്ച നടനെതിരേ സോഷ്യല്‍മീഡിയയിലടക്കം വലിയതോതിലാണ് പ്രതിഷേധം നടക്കുന്നത്. അടുത്ത കാലത്തായി നിരവധി വിവാദങ്ങളില്‍പ്പെട്ട കോമഡി താരത്തിന്റെ സംഭാഷണത്തിന്റെ ശബ്ദരേഖ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നടന് ജൂറിയായെത്തിയ ഒരു ടെലിവിഷന്‍ കോമഡി ഷോയില്‍ ഒരു എപ്പിസോഡില്‍ കറുത്തവരെയും ആദിവാസി വിഭാഗങ്ങളെയും അപമാനിക്കുന്ന തരത്തില്‍ എപ്പിസോഡ് വന്നിരുന്നു.
ഇതിനെതിരേ സോഷ്യല്‍മീഡിയയില്‍ അടക്കം വലിയ പ്രതിഷേധവും ഉയര്‍ന്നു. ഈ വിഷയത്തില്‍ വിമര്ശനാത്മകനായ യുട്യൂബ് വീഡിയോ ചെയ്ത യുവതിക്കാണ് നടന്റെ അപമാനം ഏല്‍ക്കേണ്ടിവന്നത്.
യുവതിയോട് നടന് ഫോണില്‍ സംസാരിക്കുന്നതിന്റെ ഒരുമിനിറ്റുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. താന്‍ വലിയ കുടുംബത്തില്‍നിന്ന് എല്‍എല്‍ബി പാസായശേഷമാണ് മിമിക്രിയിലൂടെ സിനിമയിലെത്തിയതെന്ന് നടന് പറയുന്നു.
വീട്ടില്‍ അടങ്ങിയൊതുങ്ങി കുക്കറി ചാനലുകള്‍ നടത്താന്‍ യുവതിയെ ഉപദേശിക്കുന്ന താരം സെക്സ് കോമഡികള്‍ കണ്ടിട്ടുണ്ടോയെന്നും ചോദിക്കുന്നു.
യുവതി തന്നെയാണ് നടൻ ഫോണിൽ പറഞ്ഞത് റിക്കാര്‍ഡ് ചെയ്ത് പുറത്തുവിട്ടത്. അശ്ലീലച്ചുവയുള്ള സംസാരത്തിനെതിരേ പോലീസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് യുവതി.
താരസംഘടനയായ അമ്മയെയും സമീപിക്കും. ചില സംഘടനകളും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.