കൊച്ചി: വിമാനത്താവളങ്ങൾ വഴി വിദേശ രാജ്യങ്ങളിലേക്കു ലഹരി മരുന്നു കടത്തുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയാസംഘമായ കോനോ ഗോൾഡ് ചില്ലറക്കാരല്ലെന്ന് പോലീസ്. വിവിധ രാജ്യങ്ങളിൽ വേരോട്ടമുള്ള സംഘത്തിന് കൊച്ചിയിലും ചില ബന്ധങ്ങൾ ഉള്ളതായാണ് അധികൃതരുടെ സംശയം. ഹോങ്കോംഗ് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘം കഴിഞ്ഞ മാസംമാത്രം നിരവധി തവണയാണ് ദക്ഷിണേന്ത്യൻ എയർപോർട്ടുകൾ വഴി ഇന്ത്യയിലെത്തിയത്.
തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്നും എത്തിച്ച ഹാഷിഷ് ഓയിൽ നെടുന്പാശേരി എയർപോർട്ട് വിഴി മാലിദ്വീപിലേക്ക് കടത്തുവാനായി എത്തിക്കവേ പിടിയിലായ പ്രതികളിൽനിന്നുമാണ് പോലീസിന് ഈ വിവരം ലഭിച്ചത്. മാലിദ്വീപ് സ്വദേശികളായ അസീം ഹബീബ്(33), ഷിഫാഫ് ഇബ്രാഹിം (30), മുഹമ്മദ് സഫോഫ് (34) തമിഴ്നാട് കുളമാണിക്കം സ്വദേശി ആന്റണി സാമി (30) എന്നിവരാണ് എറണാകുളം മേനക ജംഗ്ഷനിലെ പാർക്കിംഗ് ഗ്രൗണ്ടിൽനിന്ന് കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്.
ഷാംബൂ ബോട്ടിലുകളിൽ നിറച്ച് കടത്താൻ തയാറാക്കിയ ഒന്നര ലിറ്ററോളം മുന്തിയ ഇനം ഹാഷിഷ് ഓയിൽ ഇവരിൽനിന്ന് കണ്ടെടുത്തു. വിപണിയിൽ ഇതിന് നാലു കോടിരൂപ വിലവരും. പിടിയിലായവരുടെ പാസ്പോർട്ടും മറ്റു രേഖകളും വിശദമായി പരിശോധിച്ചതിൽനിന്നുമാണ് പ്രതികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർക്ക് ലഭ്യമായത്.
പ്രതികൾ എല്ലാവരും ഡിസംബർ മാസത്തിൽ തന്നെ നിരവധി തവണ മാലീ ദ്വീപ്, തായലെന്റ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽനിന്നും നിരവധി തവണ ദക്ഷിണേന്ത്യൻ എയർപോർട്ടുകൾ വഴി ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങൾവഴി തായ്ലൻഡ്, സിംഗപ്പുർ, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ലഹരി മരുന്നുകൾ കടത്തുന്ന സംഘമാണിത്.
പ്രതികൾക്കായി നാർകോട്ടിക്ക് കണ്ട്രോൾ ബ്യൂറോ മാസങ്ങളായി തെരച്ചിൽ നടത്തിവരികയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പ്രതികൾ വലയിലായത്. വിദേശ ടൂറിസ്റ്റുകൾ എന്ന നിലയിൽ നഗരത്തിലെത്തിയ സംഘം വിവിധ ഹോട്ടലുകളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു.
അഞ്ച് ദിവസത്തിലധികമായി ഷാഡോ സംഘം പ്രതികളെ നിരീക്ഷിച്ച് വരുകയായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ബിജി ജോർജിന്റെ നേതൃത്വത്തിൽ സെൻട്രൽ സിഐ അനന്തലാൽ, ഷാഡോ എസ്ഐ എ.ബി. വിബിൻ, സിപിഒമാരായ അഫ്സൽ, ഹരിമോൻ, സാനു, വിനോദ്, സനോജ്, സാനുമോൻ, വിശാൽ, സുനിൽ, അനിൽ, യൂസഫ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളുടെ കൊച്ചിയിലെ യാത്രയും ബന്ധങ്ങളും ഉൾപ്പെടെ വിശദ വിവരങ്ങൾ പോലീസ് പരിശോധിക്കുന്നതായാണു വിവരം.