ചാലക്കുടി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ കോൺഗ്രസ് പ്രാദേശിക നേതാക്കളെ പരിഗണിക്കുമോ എന്ന് മണ്ഡലത്തിൽ ചോദ്യമുയരുന്നു.
ചാലക്കുടി സീറ്റിനുവേണ്ടി കോൺഗ്രസിലെ സംസ്ഥാന – ജില്ലാ നേതാക്കൾ വട്ടമിട്ടു പറക്കുന്പോൾ പ്രാദേശിക നേതാക്കൾ അവസരം കിട്ടുമോയെന്നറിയാൻ കാത്തുനിൽക്കുകയാണ്.
യൂത്ത് കോൺഗ്രസ് ദേശീയ കോ- ഓർഡിനേറ്റർ അഡ്വ. ഷോൺ പല്ലിശേരിയുടെ പേരാണ് മുൻഗണനയിലുള്ളത്. ഷോൺ പല്ലിശേരിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുണ്ട്.
മൂന്നുതവണയായി തുടർച്ചയായി സിപിഎം വിജയിക്കുന്ന സീറ്റ് പിടിച്ചെടുക്കാൻ നാട്ടുകാരനും യുവാവുമായ ഷോൺ പല്ലിശേരിക്ക് കഴിയുമെന്ന ആത്മവിശ്വാസമുണ്ട്.
മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഉറച്ചപിന്തുണ ഷോൺ പല്ലിശേരിക്കുണ്ട്. എന്നാൽ ചാലക്കുടിയിലെ മുതിർന്ന നേതാക്കൾ മൗനത്തിലാണ്.
വർഷങ്ങളായി ചാലക്കുടിയിലെ പൊതുരംഗത്ത് ഷോൺ പല്ലിശേരി സജീവസാനിധ്യമാണ്.
അതിരപ്പിള്ളി പദ്ധതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ ഷോൺ പല്ലിശേരി മുൻനിരയിലുണ്ടായിരുന്നു. നിയോജകമണ്ഡലത്തിൽ എല്ലായിടത്തും അറിയപ്പെടുന്ന യുവ നേതാക്കളുമാണ്.
സിനിമ നടനായിരുന്ന അന്തരിച്ച ജോസ് പല്ലിശേരിയുടെ സഹോദരൻ ചാലക്കുടി മർച്ചന്റ് യൂത്ത് വിംഗ് സ്ഥാപക നേതാവ് അന്തരിച്ച അഗസ്റ്റി പല്ലിശേരിയുടെ മകനാണ് ഷോൺ. സിനിമാ സംവിധായകൻ ലിജോ പല്ലിശേരി പിതൃസഹോദര പുത്രനാണ്.
നാട്ടുകാരനെന്ന പേരിൽ സിപിഎം സ്ഥാനാർഥി ബ.ഡി. ദേവസിക്ക് അനകൂലമാകുന്ന വോട്ടുകളിൽ ഷോൺ പല്ലിശേരിയുടെ സ്ഥാനാർഥിത്വം യുഡിഎഫിന് അനുകൂലമാകും.
കോൺഗ്രസ് കാലങ്ങളായി പനന്പിള്ളി ഗോവിന്ദമേനോനുശേഷം നാട്ടുകാരനായ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കുന്നത് 1980 ൽ പ്രഫ. പി.എ. തോമാസായിരുന്നു.
അന്ന് കോൺഗ്രസിലെ ഒരു വിഭാഗം ഇടതുമുന്നണിയോടൊപ്പമായിരുന്നു. എന്നിട്ടും 123 വോട്ടിനാണ് പി.എ. തോമസ് പരാജയപ്പെട്ടത്. പിന്നീട് മറ്റു മണ്ഡലങ്ങളിലെ നേതാക്കളാണ് ചാലക്കുടിയിൽ കോൺഗ്രസ് സ്ഥാനാർഥികളായി വരാറുള്ളത്.
മുൻ എംപി പി.സി. ചാക്കോ, ഡിസിസി പ്രസിഡന്റ് എം.പി. വിൻസെന്റ് എന്നിവരും ഇവിടെ മത്സരിക്കാൻ രംഗത്തുണ്ട്.