തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങള് പരിഹരിക്കുന്നതിനായി സര്ക്കാര് വിളിച്ച കോണ്ക്ലേവിലെ നയരൂപീകരണസമിതിയില് ആരോപണവിധേയനായ മുകേഷും. ഷാജി.എൻ.കരുൺ ചെയർമാനായ പത്തംഗ സമിതിയാണ് നയരൂപീകരണത്തിനായി രൂപീകരിച്ചത്.
സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കൺവീനർ. മുകേഷിന് പുറമെ മഞ്ജു വാര്യർ, ബി. ഉണ്ണികൃഷ്ണൻ, പത്മപ്രിയ, രാജീവ് രവി, നിഖില വിമൽ, സന്തോഷ് കുരുവിള, സി. അജോയ് എന്നിവരാണ് മറ്റു അംഗങ്ങൾ.
മുകേഷിനെതിരേ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ എംഎൽഎ സമിതിയിൽ അംഗമായിരിക്കുന്നതിനെതിരേ വിമർശനമുയരുന്നുണ്ട്. കാസ്റ്റിംഗ് ഡയറക്ടര് ടെസ് ജോസഫാണ് മുകേഷിനെതിരേ ആദ്യം ആരോപണം ഉന്നയിച്ചത്.
വർഷങ്ങൾക്ക് മുന്പ് ടെലിവിഷന് പരിപാടിക്കായി ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുമ്പോൾ മുകേഷ് പലതവണ ഫോണില് വിളിച്ച് മുറിയിലേക്ക് വരാന് നിര്ബന്ധിച്ചെന്നായിരുന്നു ആരോപണം. എന്നാൽ ഇത് നിഷേധിച്ചുകൊണ്ട് മുകേഷ് രംഗത്തെത്തിയിരുന്നു.
അമ്മയിൽ അംഗത്വം വേണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ട് നടി മിനു മുനീർ ഇന്ന് വെളിപ്പെടുത്തിയിരുന്നു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാൻ ക്ഷണിച്ചെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ ഇതിനോട് മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.