പത്തനംതിട്ട: സിപിഎം നേതൃത്വത്തിലുള്ള തിരുവനന്തപുരം എകെജി പഠന ഗവേഷണ കേന്ദ്രവും പത്തനംതിട്ട ജില്ലയിലെ വി.എസ്. ചന്ദ്രശേഖരപിള്ള പഠന കേന്ദ്രവും സംയുക്തമായി നാലുദിവസം തിരുവല്ലയില്‍ നടത്തിയ മൈഗ്രേഷന്‍ കോണ്‍ക്ലേവ് ഇന്നലെ സമാപിച്ചു.
ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എകെജി പഠന കേന്ദ്രം ഡയറക്ടര്‍ ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ മൈഗ്രേഷന്‍ കോണ്‍ക്ലേവ് പത്തനംതിട്ട ജില്ലയില്‍ സംഘടിപ്പിച്ചതിനു പിന്നിലെ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
പ്രവാസികളേറെയുള്ള പത്തനംതിട്ട ജില്ലയില്‍ ഒരുലക്ഷത്തിലധികം ആളുകളെ കോണ്‍ക്ലേവിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞുവെന്നാണ് സംഘാടകരുടെ അവകാശവാദം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികളെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ചേര്‍ത്തുകൊണ്ടു നടന്ന പരിപാടിയില്‍ നേരിട്ടുള്ള പങ്കാളിത്തം ഏറെയും രാഷ്ട്രീയ നേതാക്കളുടേതായിരുന്നു. സംഘാടനത്തിന്റെ പേരില്‍ വ്യവസായികളടക്കമുള്ളവരില്നിന്ന് സാമ്പത്തിക സഹായം ഉള്‍പ്പെടെ തേടുകയും ചെയ്തു.
മുഖ്യമന്ത്രി പങ്കെടുത്ത ഉദ്ഘാടന പരിപാടിയില്‍ പങ്കാളിത്തം കുറയാനും ഇതു കാരണമായി. ജില്ലയിലെ എല്‍ഡിഎഫ് നേതാക്കളെ പോലും പരിപാടിക്ക് ക്ഷണിച്ചിരുന്നില്ല. സിപിഎം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ തോമസ് ഐസക്ക് പത്തനംതിട്ട ലോക്സഭാ സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് കോണ്‍ക്ലേവ് സംഘാടനവുമായി ബന്ധപ്പെട്ട് അദ്ദേഹം ജില്ലയിലെ രണ്ടുമാസത്തോളം നിറഞ്ഞുനിന്നത്. തോമസ് ഐസക്ക് മത്സരരംഗത്തു വന്നാല്‍ പാര്‍ട്ടിക്കു പുറമേനിന്നുള്ള പിന്തുണ ഉറപ്പിക്കാന്‍ കൂടി കോണ്‍ക്ലേവ് ലക്ഷ്യമിട്ടിരുന്നു.