തിരുവനന്തപുരം: പത്തനംതിട്ടയിലെ റാന്നിയില്‍ റോഡ് നിര്‍മാണത്തിനായി കമ്പിക്ക് പകരം തടിക്കഷണം ഉപയോഗിച്ചുവെന്ന വാർത്ത സോഷ്യൽ മീഡിയയിലടക്കം വൈറലായിരുന്നു.
ബണ്ടു പാലം റോഡില്‍ പാലത്തിന്റെ ഡിആര്‍ കെട്ടുന്നതിനായുള്ള കോണ്‍ക്രീറ്റ് തൂണുകളിൽ കമ്പിക്കു പകരം തടി കണ്ടെത്തിയത് നാട്ടുകാരാണ്.
പിന്നീട് മാധ്യമങ്ങളും സോഷ്യൽ മീഡിയയും വിഷയം ഏറ്റെടുത്തു. ഇപ്പോൾ ഇക്കാര്യത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പണിയല്ല ഇതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.കമ്പിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ചു എന്നത് കൗതുകകരമായ ഒരു വാര്‍ത്തയാണ്.
മനസില്‍ പ്രതിഷേധം ഉയരുക സ്വാഭാവികവുമാണ്. പൊതുമരാമത്ത് വകുപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ പ്രചരണം നടത്തുന്നവരുണ്ട്.
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തി അല്ല ഇത് എന്ന വസ്തുത ശ്രദ്ധയില്‍പ്പെടുത്തുന്നു- മന്ത്രി പറയുന്നു.
ചില തെറ്റായ പ്രവണതകള്‍ പൊതുമരാമത്ത് വകുപ്പിലും ഉണ്ടാകാറുണ്ട്. അവയെ പരമാവധി ഇല്ലായ്മ ചെയ്യുവാനുള്ള കഠിന ശ്രമം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.