പത്തനംതിട്ട റാന്നിയില്‍ പാലം നിര്‍മാണത്തിനായുള്ള കോണ്‍ക്രീറ്റ് തൂണ് വാര്‍ക്കുന്നതിന് കമ്പിക്ക് പകരം കോണ്‍ക്രീറ്റില്‍ തടി ഉപയോഗിച്ചതായി പരാതി.
പഴവങ്ങാടി വലിയപറമ്പില്‍പടിയിലുള്ള ബണ്ടുപാലം റോഡില്‍ പാലത്തിന്റെ ഡിആര്‍ നിര്‍മിക്കുന്നതിനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് തൂണുകളാണ് തടി ഉപയോഗിച്ച് വാര്‍ത്തതായി നാട്ടുകാര്‍ കണ്ടെത്തിയത്.
ഇതിനെ തുടര്‍ന്ന് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു.
റീബില്‍ഡ് കേരള പദ്ധതി പ്രകാരമാണ് നിര്‍മാണം നടക്കുന്നത്. പാലത്തിന്റെ തൂണിന് ചുറ്റുമുള്ള സംരക്ഷണ കവചമെന്ന നിലയ്ക്കാണ് ഡിആര്‍ പാക്കിംഗ് നിര്‍മിക്കുന്നത്.
കോണ്‍ക്രീറ്റ് തൂണുകളില്‍ തടി തളളി നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ തടഞ്ഞത്.
ഇരുവശങ്ങളിലും സ്ഥാപിക്കാനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് പീസുകള്‍ നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് സമീപത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്.
ഇവയെല്ലാം വാര്‍ത്തിരിക്കുന്നത് തടി വെച്ച് തന്നെയാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല.