കണ്ണൂർ: മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകൾ കളക്ടറേറ്റിലേക്ക് നടത്തിയ സമരത്തെ നേരിട്ട പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ടൗൺ സ്റ്റേഷനിലെ 10 പോലീസുകാരോട് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകി. മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി പ്രതിപക്ഷ യുവജന സംഘടനകൾ ശക്തമായ സമരത്തിലാണ്.
മിക്ക സമരങ്ങളും പോലീസുമായി ഉന്തും തള്ളും നടന്നിട്ടുണ്ട്.
സമരങ്ങളെ നേരിടാൻ എത്തിയ പോലീസുകാരന് കോവിഡ് ബാധിച്ചതോടെ സമരത്തിന് എത്തിയവരും ആശങ്കയിലാണ്.
അതേ സമയം കണ്ണൂർ ടൗൺ സ്റ്റേഷനിൽ അമിത ജോലിഭാരം കൊണ്ട് പോലീസുകാർ വീർപ്പുമുട്ടുകയാണ്. ആവശ്യത്തിന് വിശ്രമം പോലും ലഭിക്കുന്നില്ലെന്ന് പോലീസുകാർ പരാതിപ്പെടുന്നു.
ഇതിനിടയിലാണ് കോവിഡ് ലക്ഷണങ്ങളെ തുടർന്ന് 10 പേർ ക്വാറന്റൈനിൽ പോയത്. പലരും ടൗൺ സ്റ്റേഷനിൽ നിന്നും മാറ്റം വാങ്ങി മറ്റു സ്റ്റേഷനിൽ ജോലി ചെയ്യാൻ ശ്രമം നടത്തുന്നുണ്ട്.
ദിവസേനയുള്ള ജോലിക്ക് പുറമെ ജില്ലാ ആസ്ഥാനത്ത് നടക്കുന്ന നിരന്തരം സമരങ്ങളും കോവിഡ് ഡ്യൂട്ടിയും അധികമായി വന്നതോടെയാണ് പോലീസുകാർ പ്രതിസന്ധിയിലായത്.
പലരും കുടുംബങ്ങളെ വീടുകളിലേക്ക് അയച്ച് ക്വാർട്ടേഴ്സിൽ കഴിയുകയാണ്. ഇതിനിടയിൽ യുവജന സംഘടനകൾ പ്രതിഷേധം കനപ്പിച്ചതോടെ കോവിസ് സുരക്ഷയില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന സ്ഥിതിയും നിലവിലുണ്ട്.