പ്രണയദിനം കഴിഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പ്രണയദിനം ആഘോഷിക്കപ്പെടുമ്പോൾ ഉത്തരവാദിത്തവും സുരക്ഷിതവുമായ ലൈംഗിക പെരുമാറ്റത്തിന്റെ സന്ദേശത്തിന് ഊന്നൽ നൽകിയുള്ള രാജ്യാന്തര കോണ്ടം ദിനത്തിന്റെ ബോധവൽക്കരണവും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു.
എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ ഈ ബോധവൽക്കരണത്തിന്റെ ആവശ്യക്തയ്ക്ക് പ്രസക്തി കൂട്ടുകയാണ്. കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് സംസ്ഥാനത്ത് പത്തൊമ്പതിനും ഇരുപത്തിമൂന്നിനും ഇടയിൽ പ്രായമുള്ളവരിൽ എയ്ഡ്സ് ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ‘സേഫർ ഈസ് സെക്സി’ എന്ന മുദ്രാവാക്യത്തിൽ എയ്ഡ്സ് ഹെൽത്ത്കെയർ ഫൗണ്ടേഷന്റെ സഹകരണത്തോടെ കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ ബോധവൽക്കരണത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വാലന്റെൻസ് ഡേയ്ക്ക് തൊട്ടുമുൻപുള്ള ദിവസം ഫെബ്രുവരി 13ന് ആണ് രാജ്യാന്തര കോണ്ടം ദിനം ആചരിക്കുന്നത്. പത്തൊമ്പതിനും ഇരുപത്തിമൂന്നിനും ഇടയിലുള്ള പ്രായക്കാരിൽ എയ്ഡ്സ് ബാധിതരുടെ എണ്ണം കൂടുമ്പോൾ വിഷയം അല്പം ഗൗരവമേറിയതാണ്. കൊച്ചിയിലെ വിവിധ കേളജുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് കോണ്ടം ദിനാചരണം നടത്തിയത്.
‘സേഫർ ഈസ് സെക്സി’ എന്ന മുദ്രാവാക്യത്തെ മുൻനിർത്തി പലനിറത്തിലുള്ള കോണ്ടം ഉപയോഗിച്ചുള്ള വസ്ത്രം പ്രതിമയെ ധരിപ്പിച്ചിരിക്കുകയാണ് വിദ്യാർഥികൾ. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു.