വേദനിക്കുന്നവരുടെ മുന്നില്‍ ഞങ്ങളുടെയും ശിരസ് കുനിയും! മികച്ച കണ്ടക്ടറിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയിട്ടും പടിയിറങ്ങേണ്ടി വന്ന വനിതാ കണ്ടക്ടര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത ബസുടമയ്ക്ക് അഭിനന്ദന പ്രവാഹം

സംസ്ഥാനത്തെ മുഴുവന്‍ കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍ക്കും തിരിച്ചടിയായിരുന്നു, ഇക്കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി. അപ്രതീക്ഷിത നിമിഷത്തില്‍ പിരിച്ചുവിടപ്പെട്ടവരില്‍ വനിതകളും ധാരാളമുണ്ടായിരുന്നു.

പലരും അടുത്ത വഴി തേടിയെങ്കിലും പെട്ടെന്ന് എവിടേയ്ക്ക് പോകുമെന്ന അങ്കലാപ്പാണ് കുറേയേറെപ്പേര്‍ക്ക്. എന്നാല്‍ സഹോദരന്റെ കണ്ണുനീരില്‍ മനസലിയുന്നവര്‍ ഇപ്പോഴുമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഹൈക്കടോതി വിധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പിരിച്ചുവിട്ട ഒരു വനിതാ കണ്ടക്ടര്‍ക്ക് ജോലി നല്‍കി പ്രൈവറ്റ് ബസ് ഉടമ. ആലപ്പുഴയിലെ ഏറ്റവും മികച്ച കെഎസ്ആര്‍ടിസി ജീവനക്കാരിക്കുള്ള അവാര്‍ഡും സ്വന്തമാക്കിയിട്ടുള്ള ദിനിയയെയാണ് പ്രൈവറ്റ് ബസ് ഉടമ ജോലി നല്‍കി സഹായിച്ചത്. പ്രമുഖ പ്രൈവറ്റ് ബസ് ഓപ്പറേറ്ററായ ‘സന ട്രാന്‍സ്‌പോര്‍ട്ട്സ്’ ആണ് ദിനിയയ്ക്ക് ജോലി നല്‍കുന്നത്.

മികച്ച സേവനം കാഴ്ചവെച്ചിട്ടും ദിനിയയ്ക്ക് കെഎസ്ആര്‍ടിസിയില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. പതിനൊന്ന് വര്‍ഷത്തെ സേവനം മതിയാക്കി കണ്ണിരോടെയായിരുന്നു ദിനിയ ഡിപ്പോയില്‍ നിന്ന് ഇറങ്ങിയത്. ആറ് മാസം മുമ്പാണ് ദിനിയയുടെ ഭര്‍ത്താവ് മരിച്ചത്. ഇതോടെ രണ്ടാം ക്ലാസുകാരിയായ മകളും അഞ്ച് വയസുകാരനായ മകനും പ്രായമായ അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം ദിനിയയുടെ ജോലിയായിരുന്നു.

എന്നാല്‍ എംപാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട കൂട്ടത്തില്‍ ദിനിയയയും അടങ്ങിയതോടെ ആത്മഹത്യയല്ലാതെ ഇവര്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗമില്ലെന്ന് ഡിപ്പോയുടെ പടിയിറങ്ങുമ്പോള്‍ ദിനിയ പറഞ്ഞിരുന്നു.

എന്നാല്‍ സന ട്രാന്‍സ്പോര്‍ട്ട്സ് ഇവര്‍ക്ക് ജോലി നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ ദിനിയയുടെ കുടുംബത്തിന്റെ പ്രതീക്ഷകളാണ് ചിറകുവിടര്‍ത്തിയത്. സന ട്രാന്‍സ്പോര്‍ട്ട്സ് അവരുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിനിയയ്ക്ക് ജോലി നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.

‘കെഎസ്ആര്‍ടിസിയുടെ പല നയങ്ങളും സ്വകാര്യ ബസ് മേഖലയെ തകര്‍ക്കാന്‍ വേണ്ടി മാത്രമായിരുന്നു, അവയില്‍ പ്രമുഖ തൊഴിലാളി യൂണിയന്‍ മഹത്തായ പങ്കും വഹിച്ചിട്ടുണ്ട് . അവര്‍ക്ക് അര്‍ഹിച്ചതാണ് ഈ കിട്ടിയത് എന്നും ഞങ്ങള്‍ക്കറിയാം. പക്ഷേ പ്രിയ സഹോദരി ദിനിയ, താങ്കള്‍ നല്ല ഒരു കണ്ടക്ടര്‍ ആയിരുന്നു എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളും മനുഷ്യരാണ്.

വേദനിക്കുന്നവരുടെ മുന്നില്‍ ഞങ്ങളുടെ ശിരസ്സും കുനിയും. പ്രിയ സോദരി, നിങ്ങള്‍ക്ക് മറ്റു ജോലികള്‍ ഒന്നും ശരിയായില്ലെങ്കില്‍ ഞങ്ങള്‍ ഒരു ജീവിത സാഹചര്യം ഒരുക്കാന്‍ തയ്യാറാണ്. സന ട്രാന്‍സ്പോര്‍ട്ടിന്റെ ബസ്സുകളില്‍ മാന്യമായ രീതിയില്‍ ജോലി ചെയ്ത് കുടുംബം പോറ്റാന്‍ ഒരു അവസരം സന മാനേജ്മെന്റ് വാഗ്ദാനം ചെയ്യുന്നു’- എന്നായിരുന്നു സന ട്രാന്‍സ്പോര്‍ട്ട് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതോടെ സന ട്രാന്‍സ്പോര്‍ട്ടേഴ്സിന് നന്ദി പറഞ്ഞും അഭിനന്ദിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വരുന്നത്.

Related posts