ഇരിങ്ങാലക്കുട: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന എം.എസ് മേനോൻ ബസിലെ കണ്ടക്ടർക്ക് നേരെ ഇരിങ്ങാലക്കുട സ്വദേശിനി നൽകിയ പരാതിയിലാണ് ഇരിങ്ങാലക്കുട പോലീസ് നടപടിയെടുക്കാൻ വൈകിച്ചത്.
ഇന്നലെ ഉച്ചക്കാണ് സംഭവം. കോന്പാറയിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് ബസിൽ കയറിയ യുവതി പത്ത് രൂപ നൽകിയപ്പോൾ കണ്ടക്ടർ ബാക്കി തരില്ലെന്ന് പറയുകയും തന്നോട് അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയുമായിരുന്നെന്ന് യുവതി പറഞ്ഞു. തുടർന്ന് ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷനിലെത്തി പരാതി നൽകി.
പരാതി എഴുതി വാങ്ങിയ ജി.ഡി ചാർജ്ജുണ്ടായിരുന്ന ആൾ പോയി ഒരു മണികൂർ കഴിഞ്ഞ് വരാൻ പറയുയും പിന്നീട് നാളെ വരാൻ പറയുകയായിരുന്നു. തന്നെ ഇത്രയും നേരം പിടിച്ചുനിറുത്തിയതെന്ന ചോദ്യത്തിന് പോലീസ് മോശമായി പെരുമാറിയെന്നും പിന്നിട് വനിത സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കി.കൂടാതെ ബസുടമകൾ വിളിച്ച് വിളിച്ച് ഒത്തുതീർപ്പിന്റെ പേരിൽ ബുദ്ധിമുട്ടിച്ചതായും യുവതി പരാതിയിൽ പറയുന്നു.
പോലീസ് ഉദ്യോഗസ്ഥരും ബസുടമകളും തമ്മിൽ നടക്കുന്ന അവിഹിത കൂട്ടുകെട്ടാണ് ഇതിനു പിന്നിലുള്ളതായി യുവതി ആരോപിച്ചു. എന്നാൽ കണ്ടക്ടർക്കെതിരെ കേസെടുത്തതായി എസ്ഐ കെ.എസ് സുശാന്ത് പറഞ്ഞു. ഇതു സംബന്ധിച്ച് യുവതി മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്.