കോട്ടയം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിടയിൽ നഷ്ടപ്പെട്ട പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് കോട്ടയം വെസ്റ്റ് പോലീസ് ഉടമയ്ക്കു തിരികെ നല്കി. കുമളി സ്വദേശിയായി ബിനു ചാക്കോയുടെ ബാഗാണ് കഴിഞ്ഞ തിങ്കളാഴ്ച നഷ്്ടപ്പെട്ടത്. എറണാകുളത്തിനു പോയി തിരികെ വീട്ടിലേക്കു മടങ്ങുന്പോഴാണ് ബാഗ് നഷ്്ടപ്പെട്ടത്. ബാഗിനുള്ളിൽ 18,500 രൂപയും പാസ്പോർട്ട്, വിസ എന്നിവയുമുണ്ടായിരുന്നു.
ബസ് കോട്ടയം സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ചു കഴിഞ്ഞപ്പോൾ കോട്ടയം ഡിപ്പോയിലെ കണ്ടക്്ടർ സതീഷിനു ബാഗ് ലഭിക്കുകയായിരുന്നു. തുടർന്നു സതീഷ് ബാഗ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ഏല്പിച്ചു. എസ്ഐ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ബാഗും രേഖകളും പരിശോധിച്ചശേഷം ബിനു ചാക്കോയെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ബാഗ് കൈമാറുകയായിരുന്നു.