ഒറ്റപ്പാലം: യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടർമാർ സൂക്ഷിക്കുക. ലൈസൻസ് സസ്പെൻഡ് ചെയ്യൽ മാത്രമല്ല പരാതി ലഭിച്ചാൽ നല്ലപാഠം പഠിക്കാൻ ഇനിമുതൽ ട്രെയിനിംഗിനും പോകേണ്ടിവരും. എടപ്പാളിലാണ് നല്ലപാഠം പഠിപ്പിക്കൽ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ചിലാണ് പ്രത്യേക നല്ലനടപ്പുപഠനം നടത്തുക. കണ്ടക്ടർമാർ മോശമായാണ് പെരുമാറുന്നതെന്ന് വ്യാപക പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.
കഴിഞ്ഞദിവസം ഏഴാംക്ലാസുകാരനായ വിദ്യാർഥിയോട് മോശമായി പെരുമാറുകയും സ്റ്റോപ്പ് എത്തുംമുന്പ് ഇറക്കിവിടുകയും ചെയ്തെന്ന പരാതിയിൽ ഒറ്റപ്പാലത്തെ ബസ് കണ്ടക്ടർക്കെതിരേ നടപടിയെടുത്തിരുന്നു. കണ്ടക്ടർ വാടാനംകുർശി പി.വി.സുനിലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തതിനു പിറകെ മൂന്നുമാസം എടപ്പാളിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ചിലേക്ക് അയയ്ക്കാൻ നടപടിയെടുക്കുകയുമായിരുന്നു.
വാണിയംകുളത്തുനിന്ന് ചുനങ്ങാട് റോഡിലുള്ള വീട്ടിലേക്ക് ബസ് കയറിയ വിദ്യാർഥിക്കാണ് കണ്ടക്ടറിൽനിന്നും മോശം പെരുമാറ്റമുണ്ടായത്. രണ്ടുരൂപയ്ക്കുപകരം നാലുരൂപ യാത്രാക്കൂലി വാങ്ങുകയും ചെയ്തു. ഈ പരാതിയിലാണ് അധികൃതർ നടപടിയെടുത്തത്. ഒറ്റപ്പാലത്ത് യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ പ്രശ്നങ്ങളുണ്ടാകുന്നത് പതിവാണ്.
അതേസമയം ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് നിജസ്ഥിതി മനസിലാക്കാതെയാണെന്നും അധികൃതർ കാര്യങ്ങൾ വിശദമായി അന്വേഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. സ്കൂൾ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറുന്നത് ആവർത്തിക്കുന്ന ബസ് ജീവനക്കാർക്കെതിരേ കർശനനടപടി തുടരാനാണ് അധികൃതരുടെ തീരുമാനം. പരാതി ലഭിക്കുന്നപക്ഷം അധികൃതർ നടപടിയെടുക്കും.