കാസർഗോഡ്: വിദ്യാർഥിയെ പാതിവഴിയിൽ ഇറക്കിവിട്ട സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് മൂന്നുമാസത്തേയ്ക്ക് സസ്പെൻഡ് ചെയ്തു.
മംഗലാപുരം-കണ്ണൂര്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസായ മെഹബൂബിലെ കണ്ടക്ടർ കാസര്‍ഗോഡ് സ്വദേശി കെ. കിഷോറിനെതിരെയാണ് നടപടി.
ഫെബ്രുവരി 21 നാണ് ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. മഞ്ചേശ്വരം ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഹസൻ ലൂതൂഥി (13) ക്ലാസ് കഴിഞ്ഞ് അബദ്ധത്തിൽ ഈ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ കയറുകയായിരുന്നു.
ഉപ്പളയിലാണ് ഇറങ്ങേണ്ടിയിരുന്നത്.പത്ത് രൂപയാണ് ടിക്കറ്റ് ചാർജ്. എന്നാൽ വിദ്യാർഥിയുടെ പക്കൽ അഞ്ചു രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു.
അഞ്ചു രൂപ വാങ്ങിയ ശേഷം കുട്ടിയെ ഹൊസങ്കടിയിൽ ഇറക്കിവിടുകയായിരുന്നു. പണമില്ലാത്തതിനാൽ വിദ്യാർഥി നാലു കിലോമീറ്റർ നടന്നാണ് വീട്ടിലെത്തിയത്.
സംഭവത്തിൽ രക്ഷിതാക്കൾ ബാലാവകാശ കമ്മീഷന് പരാതി നൽകി. ഇവർ പരാതി മോട്ടോർ വാഹന ഗതാഗത വകുപ്പിനു കൈമാറി.
സംഭവുമായി ബന്ധപ്പെട്ട് കണ്ടക്ടറെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഹിയറിംഗിന് വിളിപ്പിച്ചെങ്കിലും തൃപ്തികരമായ വിശദീകരണം ലഭിച്ചില്ല.
കിഷോർ ജോലി ചെയ്യുന്ന ബസിൽ യാത്ര ചെയ്തപ്പോൾ യാത്രക്കാരോട് ഇയാൾ മോശമായി പെരുമാറുന്നതും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
കണ്ടക്ടറുടെ ഭാഗത്തുനിന്നും ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റ് ഉണ്ടായതായി മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന നിയമം ചട്ടം 34 പ്രകാരം കണ്ടക്ടറുടെ ലൈസന്‍സ് മൂന്ന് മാസക്കാലത്തേക്ക് അസാധുവാക്കിയതായി കാസർഗോഡ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ.കെ. രാധാകൃഷ്ണന് അറിയിച്ചു.
ഇത്തരം പരാതികള്‍ ആര്‍ടിഒയെ നേരിട്ട് അറിയിക്കാവുന്നതാണ്. ഫോണ്‍: 04994 255290.