കസാന്‍: കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ഗ്രൂപ്പ് ബിയില്‍ കരുത്തരായ ജര്‍മനിയും ചിലിയും ഇന്ന് നേര്‍ക്കുനേര്‍. ആദ്യ മത്സരങ്ങള്‍ ജയിച്ചു കഴിഞ്ഞ ഇരുടീമും സെമി ഉറപ്പിക്കാനായാണ് ഇന്നിറങ്ങുന്നത്. ചിലി 2-0ന് കാമറൂണിനെയും ജര്‍മനി 3-2ന് ഓസ്ട്രേലിയയെയും തോല്‍പ്പിച്ചു.
ഗോള്‍ ശരാശരിയില്‍ ചിലിയാണ് മുന്നില്‍. യുവ കളിക്കാരുമായി കോണ്‍ഫെഡറേഷന്‍സ് കപ്പിലെത്തിയ ജര്‍മന്‍ നിരയ്ക്കെതിരേ പരിചയസമ്പന്നരായ ചിലിയന്‍ ടീമാണ് റങ്ങുന്നത്. രണ്ടു ടീമും കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ഫേവറിറ്റുകളാണ്. അത്ര ശക്തമായ ടീമില്ലാത്ത ഓസ്ട്രേലിയയ്ക്കെതിരേ ജര്‍മനിക്കു രണ്ടു ഗോള്‍ വഴങ്ങേണ്ടിവന്നു.
പ്രതിരോധത്തിലെ പിഴവും ഗോള്‍കീപ്പര്‍ ബ്രെന്‍ഡ് ലെനോയുടെ മികവില്ലായ്മയും തെളിയിക്കുന്നതായിരുന്നു പ്രകടനം. ചിലിയാണെങ്കില്‍ എതിരാളികളെ ഗോളടിക്കാന്‍ അനുവദിക്കാതെ രണ്ടു ഗോളടിച്ച് മികവ് തെളിയിക്കുകയും ചെയ്തു.40 വര്‍ഷത്തിനിടെ ജര്‍മനിയും ചിലിയും നാലു തവണ ഏറ്റുമുട്ടി. നാലിലും ജര്‍മനിക്കായിരുന്നു ജയം. അവസാനം 2014ല്‍ സൗഹൃദ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ജര്‍മനി 1-0ന് ജയിച്ചു.
കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ നിലനില്‍പ്പിനായി കാമറൂണും ഓസ്ട്രേലിയയും പോരാടും. സെന്റ് പീറ്റേഴ്സ്ബർഗി ലാണ് മത്സരം നടക്കുക. ജര്‍മനിക്കെതിരേ പൊരുതി കളിച്ചാണ് ഓസ്ട്രേലിയ തോറ്റത്.