കൊറോണയെ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിന്‍ സ്വീകരിക്കുകയാണെന്നിരിക്കെ പലരും വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖരാണെന്നതാണ് യാഥാര്‍ഥ്യം.
ഇക്കൂട്ടരില്‍ യുവാക്കള്‍ പോലുമുണ്ടെന്നതാണ് ദുഃഖകരം. ഒടുവില്‍ കണ്ടറിയാത്തവന്‍ കൊണ്ടറിയും എന്നു പറയും പോലെ കോവിഡ് ബാധിക്കുമ്പോഴായിരിക്കും ഇവര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവുക.
പശ്ചാത്തപിക്കാന്‍ തുടങ്ങുമ്പോഴേക്കും സമയം ഒരുപാട് വൈകിയിട്ടുമുണ്ടാകും. അതിന് ഉത്തമ ഉദാഹരണമാണ് ഫിഫോണ്‍ ബാര്‍നെറ്റ് എന്ന 22 കാരിയുടെ കഥ.
കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് അഞ്ച് ദിവസം ബോധരഹിതയായി കിടക്കുകയും 12 ദിവസങ്ങളോളം ഇന്റന്‍സീവ് കെയറില്‍ ചെലവഴിക്കേണ്ടി വരികയും ചെയ്ത ഈ മാര്‍ക്കറ്റിങ് വിദ്യാര്‍ത്ഥിനിക്ക് തന്റെ തലമുടിയും നഷ്ടമായി.
തന്റെ ഇരുപത്തിരണ്ടാം പിറന്നാള്‍ ആഘോഷിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോഴായിരുന്നു ഫിഫോണിന് കോവിഡ് സ്ഥിരീകരിച്ചത്.
ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ടായി. തുടര്‍ന്ന് അവരെ ലാന്‍ടിസാന്റിലെ റോയല്‍ ഗ്ലാമോര്‍ഗന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
താന്‍ ചെറുപ്പമായതിനാലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതിനാലും വാക്‌സിന്‍ ആവശ്യമല്ല എന്നായിരുന്നു താന്‍ ചിന്തിച്ചിരുന്നതെന്ന് ഫിഫോണ്‍ പറയുന്നു.
എന്നാല്‍, ഇപ്പോള്‍ തന്റെ വിചാരം തെറ്റായിരുന്നു എന്ന് ബോദ്ധ്യപ്പെട്ടു എന്ന് പറയുന്ന ഫിഫോണ്‍ ഇപ്പോള്‍ വാക്‌സിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ഇറങ്ങുകയാണ്.
പ്രായമായവര്‍ക്ക് മാത്രമല്ല കോവിഡ് അപകടകരമാകുന്നത്, ആരെയും അത് ബാധിക്കാം, അവര്‍ പറയുന്നു.
രുചി തിരിച്ചറിയാനുള്ള കഴിവ് ഇല്ലാതെയായപ്പോഴാണ് തന്നെ കൊറോണ വൈറസ് ബാധിച്ചു എന്ന കാര്യം ആദ്യമായി തിരിച്ചറിയുന്നതെന്ന് ടോണിപാന്‍ഡി, റോണ്ടയിലുള്ള ഇവര്‍ പറയുന്നു.
അതിനു മുന്‍പ് ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നെങ്കിലും, കോവിഡിന്റേതായി പറയപ്പെടുന്ന ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും അവര്‍ പറഞ്ഞു.
തുടര്‍ന്ന് അവര്‍ പിസിആര്‍ ടെസ്റ്റിന് വിധേയയാവുകയും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കപ്പെടുകയുമായിരുന്നു. അപ്പോഴും ഫെഫോണയ്ക്ക് ഏറെ ആശങ്കകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.
സെല്‍ഫ് ഐസൊലേഷനില്‍ പോകാനും അതുവഴി രോഗമുക്തി നേടാനുമായിരുന്നു അവര്‍ ശ്രമിച്ചത്. എന്നാല്‍, സ്ഥിതിഗതികള്‍ വഷളായതോടെ 2021 ഓഗസ്റ്റ് 12 ന് അവരെ റോയല്‍ ഗ്ലാമോര്‍ഗന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേ ആശുപത്രിയില്‍ ബാങ്ക് നഴ്‌സ് ആയി ജോലിചെയ്യുന്ന അമ്മയെ അവര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ഫിഫോണയുടെ പങ്കാളിയാണ് അവരെ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഓക്‌സിജന്‍ നല്‍കുകയായിരുന്നു.
തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റിയെങ്കിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 13 ന് അവരെ ഐസിയുവിലേക്ക് മാറ്റി. തുടര്‍ന്ന് അവരെ മരുന്ന് നല്‍കി ബോധം കെടുത്തുകയായിരുന്നു.
ഉയര്‍ന്ന ഹൃദയസ്പന്ദന നിരക്ക് ഹൃദയാഘാതത്തിന് വഴി തെളിക്കുമോ എന്ന ആശങ്ക ഡോക്ടര്‍മാര്‍ക്കുണ്ടായിരുന്നു. അതുപോലെ കോവിഡ് മൂലമുണ്ടായ ന്യൂമോണീയയും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.
അവരുടെ ശരീരത്തിലെ ഓക്‌സിജന്‍ നില മെച്ചപ്പെടുത്തുവാനായി സാധ്യമായ എല്ലാ മരുന്നുകളും അവര്‍ക്ക് നല്‍കുകയുണ്ടായി.
രണ്ടാഴ്ച്ചയും അഞ്ചു ദിവസവുമാണ് അവര്‍ ആശുപത്രിയില്‍ കഴിഞ്ഞത്. അതിനിടയില്‍ നടക്കുന്നത് എങ്ങനെയെന്നും ഭക്ഷണം കഴിക്കുന്നത് എങ്ങനെയെന്നുമൊക്കെ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ മറന്നുപോയിരുന്നു.
പിന്നീട് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ സ്വരം മാറുകയും ചെയ്തു. ഭക്ഷണം കഴിക്കുവാന്‍ പോലും പരസഹായം വേണ്ട ഒരു അവസ്ഥ.
പിന്നീട്, രോഗമെല്ലാം മാറി വീട്ടില്‍ എത്തിയപ്പോഴാണ് തലമുടി കൊഴിയുന്ന കാര്യം ശ്രദ്ധയില്‍ പെട്ടത് എന്ന് ഫിഫോണ പറയുന്നു.
ആദ്യമാദ്യം അത് ഏറെ മനഃപ്രയാസത്തിനിടയാക്കി. പിന്നീട് സത്യവുമായി പൊരുത്തപ്പെടാന്‍ തുടങ്ങിയപ്പോള്‍ തല മൊട്ടയടിക്കുകയും ചെയ്തു.
ഇപ്പോള്‍ കോവിഡില്‍ നിന്നും പൂര്‍ണ്ണമായും മുക്തി നേടിയ ഫിഫോണ കോവിഡ് വാക്‌സിനും എടുത്തിരിക്കുന്നു. വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാട്ടുന്നവര്‍ക്കെല്ലാം ഒരു പാഠമാവുകയാണ് ഫിഫോണയുടെ അനുഭവം.