വഴിയോരക്കച്ചവടക്കാരനില്‍ നിന്നു വാങ്ങിയ കപ്പലണ്ടിയ്ക്ക് എരിവില്ലെന്നു പറഞ്ഞുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കൊല്ലം ബീച്ചിലാണ് സംഭവം.
കാറില്‍ ബീച്ചിലെത്തിയ കുടുംബം വഴിയോര കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയ കപ്പലണ്ടി തിരികെക്കൊടുക്കാന്‍ ശ്രമിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. പള്ളിത്തോട്ടത്തില്‍ നിന്നും കാറില്‍ എത്തിയ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന സംഘം വഴിയോരത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന വൃദ്ധനില്‍ നിന്ന് കപ്പലണ്ടി വാങ്ങി.
പുരുഷന്മാരില്‍ ഒരാള്‍ മദ്യപിക്കുകയും ചെയ്തിരുന്നു. കപ്പലണ്ടി കുറച്ചു കഴിച്ചശേഷം എരിവില്ല എന്നു പറഞ്ഞു തിരികെ നല്‍കാനൊരുങ്ങുകയാണ് ഇവര്‍ ചെയ്തത്.
എന്നാല്‍ കപ്പലണ്ടി വാങ്ങാന്‍ കച്ചവടക്കാരന്‍ കൂട്ടാക്കിയില്ല. കോവിഡ് കാലം ആയതിനാല്‍ കപ്പലണ്ടി തിരികെ വാങ്ങാന്‍ ആവില്ലെന്ന നിലപാടിലായിരുന്നു കച്ചവടക്കാരന്‍.
ഇതോടെ നിലവിട്ട യുവാവ് കപ്പലണ്ടി വൃദ്ധന്റെ മുഖത്തേക്ക് വലിച്ചെറിയുകയും അയാളെ കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. വൃദ്ധനെ ആക്രമിച്ചതോടെ സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ടു.
ക്ഷുഭിതനായ യുവാവ് കപ്പലണ്ടി വൃദ്ധന്റെ മുഖത്തേക്ക് വലിച്ചെറിയുകയും തുടര്‍ന്ന് കച്ചവടക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സംഭവത്തില്‍ നാട്ടുകാര്‍ കൂടി ഇടപെട്ടതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു.
ഇതിനിടയില്‍ ഒരാള്‍ യുവാവിനെ ആക്രമിക്കുകയും ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. കൂടുതല്‍ ആളുകള്‍ ഇടപെട്ടതോടെ സംഭവം കൂട്ടത്തല്ലായി മാറുകയായിരുന്നു.
സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴോളം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം രൂക്ഷമായപ്പോള്‍ ചില നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പള്ളിത്തോട്ടം പോലീസ് സ്ഥലത്തെത്തിയതോടെയാണ് സ്ഥിതി ശാന്തമായത്.
പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലേക്കും ഈസ്റ്റ് സ്റ്റേഷനിലേക്കും മാറ്റി.
പൊതു സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനാല്‍ സ്വമേധയാ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു. കേസ് എടുക്കുമെന്ന് പറഞ്ഞതോടെ ഇരുകൂട്ടരും പരാതിയില്ലെന്നു പറഞ്ഞ് ഒഴിയുകയും ചെയ്തു.