പഞ്ചാബിലെ ഗുരുദാസ്പുര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ അട്ടിമറി വിജയം. ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ജാഖര്‍ 1,93,219 വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജയിച്ചു. രണ്ടുലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേടിയത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 4,99,752 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി സ്വരണ്‍ സലാറിക്ക് 3,06,533 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയും ബോളിവുഡ് നടനുമായ വിനോദ് ഖന്നയ്ക്ക് 1,36,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കോട്ടതകര്‍ത്ത പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. വിനോദ് ഖന്ന ഈ മണ്ഡലത്തില്‍നിന്നും നാലു തവണയാണ് ജയിച്ചത്. ഇത്തവണ മണ്ഡലം നിലനിര്‍ത്താന്‍ കോടീശ്വരനായ സ്വരണ്‍ സലേറിയെയാണ് ബിജെപി ചുമതലപ്പെടുത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് തേരോട്ടത്തില്‍ സലേറിക്കു കാലിടറി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന ആം ആദ്മി പാര്‍ട്ടിക്കും പ്രകടനം മെച്ചപ്പെടുത്താനായില്ല. എഎപി സ്ഥാനാര്‍ഥി റിട്ട. മേജര്‍ ജനറല്‍ സുരേഷ് ഖജാരിയ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. ഖജാരിയ 23,579 വോട്ടുകള്‍ നേടി ഏറെ പിന്നിലായി. കഴിഞ്ഞതവണ 2.5 ലക്ഷം വോട്ടും 16 ശതമാനം വോട്ടുവിഹിതവും ഉണ്ടായിരുന്നു അപ്പിന് ഇവിടെ.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്ന രാഹുല്‍ ഗാന്ധിക്കുള്ള മികച്ച ദീപാവലി സമ്മാനമാണിതെന്ന് ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ ന വജോത് സിദ്ധു പറഞ്ഞു. ജനങ്ങള്‍ക്ക് മോദിയുടെ കേന്ദ്രനയങ്ങളോടുള്ള അമര്‍ഷമാണ് ഗുരുദാസ്പുരിലെ വിജയമെന്ന് സുനില്‍ ജാഖര്‍ അഭിപ്രായപ്പെട്ടു.