സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലോക്ക് ഡൗണിനുശേഷം രാജ്യത്ത് എന്തു സംഭവിക്കുമെന്ന് ചോദ്യമുയർത്തി കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഡോ. മൻമോഹൻ സിംഗും. സർക്കാർ ലോക്ക് ഡൗണുമായി എത്ര കാലം മുന്നോട്ടു പോകുമെന്നും സോണിയ ചോദിച്ചു.
കോണ്ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സോണിയ. മേയ് 17നു ശേഷം എന്താണ് സംഭവിക്കുന്നത്.
എന്ത് അടിസ്ഥാനത്തിലാണ് ലോക്ക് ഡൗണ് നീട്ടുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം എടുക്കുന്നത്. മൂന്നാംഘട്ട ലോക്ക് ഡൗണിനുശേഷം എന്ത് സംഭവിക്കുന്നു എന്നറിയേണ്ടതുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത മൻമോഹൻ സിംഗും പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായിട്ടാണ് കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ യോഗത്തിൽ പങ്കെടുത്തത്. കേന്ദ്രം സഹകരിക്കുന്നില്ലെന്നും ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നും ഫണ്ട് നൽകുന്നില്ലെന്നും ഇവർ ആരോപിച്ചു.
അടിത്തട്ടിൽ എന്താണ് നടക്കുന്നതെന്ന് മനസിലാക്കാതെയാണ് ഡൽഹിയിലിരിക്കുന്നവർ സോണുകൾ തിരിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കുറ്റപ്പെടുത്തി.
സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നും അടിയന്തര സഹായം നൽകണമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു.
ഛത്തീസ്ഗഡിൽ 80 ശതമാനം ചെറുകിട വ്യവസായങ്ങളും പ്രവർത്തിച്ചു തുടങ്ങിയെന്നും 85,000 തൊഴിലാളികൾ ജോലിയിൽ തിരികെ പ്രവേശിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
സോണുകൾ തിരിക്കുന്നതിൽ കേന്ദ്രസർക്കാർ ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നതെന്നും ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള സാന്പത്തിക പാക്കേജിനെക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരവും മിണ്ടുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിപുലമായ ഉത്തേജക പാക്കേജ് നൽകുന്നതുവരെ, സംസ്ഥാനങ്ങളും രാജ്യവും എങ്ങനെ മുന്നോട്ടുപോകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ചോദിച്ചു.