നെടുംകുന്നം: വാഴൂരിലും നെടുംകുന്നത്തും കോണ്ഗ്രസ് നേതാക്കന്മാർ തമ്മിലടിച്ച സംഭവത്തിൽ മൂന്നു പേരെ കെപിസിസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
വാഴൂരിലുണ്ടായ തമ്മിലടിയിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്റർ, ടി.കെ. സുരേഷ്കുമാർ എന്നിവർക്കെതിരെയാണ് നടപടി.
നെടുംകുന്നത്ത് ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ജോ തോമസ് പായിക്കാടനും ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ജിജി പോത്തനും തമ്മിലടിച്ച സംഭവത്തിൽ ജിജി പോത്തനെയും സസ്പെൻഡ് ചെയ്തു.
നേതാക്കന്മാർ തമ്മിലടിച്ച സംഭവം പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
കോണ്ഗ്രസ് നേതാക്കന്മാരുടെ തമ്മിൽത്തല്ല് വാർത്തയായതോടെ കെപിസിസി പ്രാദേശിക നേതൃത്വത്തോട് വിശദീകരണം തേടിയിരുന്നു.
ടി.കെ. സുരേഷ് കുമാറും ഷിൻസ് പീറ്ററും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പങ്കെടുത്ത കൊടുങ്ങൂരിലെ അനുമോദന ചടങ്ങിനു പിന്നാലെയാണ് ജനറൽ സെക്രട്ടറിമാരുടെ സംഘർഷം നടന്നത്.
വ്യക്തിപരമായ തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണു പ്രാഥമിക വിവരം.