തോമസ് വര്‍ഗീസ്
തിരുവനന്തപുരം: ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം സ്വന്തമാക്കാന്‍ ഗ്രൂപ്പുകള്‍ സമവായ ഫോര്‍മുലയുമായി രംഗത്ത്.
പുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരനെ നിയമിച്ചതിനു പിന്നാലെ നിലവിലെ എ,ഐ ഗ്രൂപ്പ് സംവിധാനങ്ങള്‍ ആടി ഉലഞ്ഞ സ്ഥിതിയിലാണ്.
ഈ സാഹചര്യത്തില്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സമവായത്തിലൂടെ ആളുകളെ കണ്ടെത്തുക എന്ന നീക്കമാണ് ഇപ്പോള്‍ ഗ്രൂപ്പുകള്‍ നടത്തുന്നത്.
ഇതിന്റെ ഭാഗമായി ഇരു ഗ്രൂപ്പുകളും ഡിസിസി പ്രസിഡന്റ് സ്ഥാനത്തേയക്ക് പരിഗണിക്കേണ്ടവരുടെ ലിസ്റ്റും തയാറാക്കി.
മുന്‍ മന്ത്രിമുതല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വ്യക്തി വരെ പല ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതായാണ് വിവിരം.
നിലവില്‍ അഭിപ്രായ വ്യത്യാസം കാണിക്കാതെ ഗ്രൂപ്പ് നോമിനികളെ എങ്ങനേയും ജില്ലാ കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തിച്ചശേഷം കെപിസിസിയില്‍ പിടിമുറുക്കുകയാണ് ലക്ഷ്യം.
സംഘടന ചലിക്കണമെങ്കില്‍ ഡിസിസിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകണം. ഡിസിസി പ്രസിഡന്റുമാരെ ഗ്രൂപ്പിന്റെ താത്പര്യത്തിന് അനുസരിച്ച് നിയമിച്ചു കഴിഞ്ഞാല്‍ അവരുടെ സമ്മര്‍ദ്ദം കെപിസിസിയിൽ ഉണ്ടാവുകയും സംഘടനാ സംവിധാനം കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്യാമെന്ന വിശ്വാസത്തിലാണ് ഇരു ഗ്രൂപ്പുകളും.
നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി പുനസംഘടന ഡിസിസി പ്രസിഡന്റു തലം കൊണ്ട് അവസാനിക്കും.
ഈ മാസം 19 മുതല്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ അതിനു മുന്നേ ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തില്‍ ഏകദേശ ധാരണയുണ്ടാക്കാനുള്ള ശ്രമമാണ് കെപിസിസി തലത്തില്‍ നടക്കുന്നത്.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുമായി കെപിസിസി പ്രസിഡന്റ് ചര്‍ച്ചകളും നടത്തുന്നുണ്ട്.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി.ടി തോമസ്, ടി.സിദ്ദിഖ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്ന ഓരോരുത്തരേയും സ്ക്രീനിംഗ് നടത്തിയശേഷം അന്തിമ റിപ്പോര്‍ട്ട് തയാറാക്കി അധ്യക്ഷന്മാരായി നിയമിക്കാനാണ് കെപിസിസിയുടെ നീക്കം.
നിലവില്‍ ഗ്രൂപ്പുകള്‍ തയാറാക്കിയിട്ടുള്ള ലിസ്റ്റില്‍ നിന്ന് ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചാല്‍ സംഘടന ചലിക്കില്ലെന്നും ഗ്രൂപ്പുകള്‍ക്ക് അതീതരായവരെ മാത്രമേ നിയമിക്കാവു എന്ന് ആവശ്യപ്പെട്ട് പല ഉന്നത നേതാക്കളും എഐസിസിക്ക് ഇതിനോടകം പരാതിയും നല്കി