ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഒരു വീട്ടിൽ ഒരു കയർ ഉത്പന്നമെന്ന പദ്ധതിയുടെ ഭാഗമായി കയർ തടുക്ക് വിൽക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കോണ്ഗ്രസ് നേതാവിനെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് പ്രതികളും കുറ്റക്കാരെന്ന് കോടതി.
കോണ്ഗ്രസ് വാർഡ് പ്രസിഡന്റായിരുന്ന ചേർത്തല നഗരസഭ 32-ാം വാർഡ് കൊച്ചുപറന്പിൽ കെ.എസ്. ദിവാകരനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ കുറ്റക്കാരാണെന്ന് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയത്. കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ചേർത്തല നഗരസഭ 32-ാം വാർഡ് ചേപ്പിലപൊഴി വി. സുജിത് (38), കോനാട്ട് എസ്. സതീഷ്കുമാർ (38), ചേപ്പിലപ്പൊഴി പി. പ്രവീണ് (32), ചേർത്തല നഗരസഭ 31-ാം വാർഡ് വാവള്ളി എം. ബെന്നി (45), 32-ാം വാർഡ് ചൂളയ്ക്കൽ എൻ. സേതുകുമാർ (45), കാക്കപറന്പത്ത് വെളി ആർ. ബൈജു (45) എന്നിവർക്കുള്ള ശിക്ഷ 21ന് വിധിക്കും.
2009 നവംബർ 29നായിരുന്നു കേസിനാസ്പദമായ സംഭവം. സിപിഎം ചേർത്തല വെസ്റ്റ് മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയും ചേർത്തല നഗരസഭാംഗവുമായിരുന്ന ആർ. ബൈജുവും സംഘവും തടുക്ക് വിൽപ്പനയ്ക്കായി ദിവാകരന്റെ വീട്ടിലെത്തിയിരുന്നു. തടുക്കിന്റെ വില കൂടുതലാണെന്ന കാരണത്താൽ ദിവാകരൻ തടുക്ക് വാങ്ങാൻ തയാറായില്ലെങ്കിലും ഇവർ നിർബന്ധമായും തടുക്ക് വീട്ടിൽ വച്ചിരുന്നു.
അതേദിവസം ഉച്ചയ്ക്കുശേഷം നടന്ന അയൽസഭയിൽ വിഷയം ദിവാകരന്റെ മകൻ ഉന്നയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ പ്രതികൾ രാത്രി വീടാക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. തടി കൊണ്ട് തലയ്ക്കടിയേറ്റാണ് ദിവാകരന് പരിക്കേറ്റത്. അക്രമം തടയാൻ ശ്രമിച്ച മകൻ ദിലീപിനും ഭാര്യ രശ്മിക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ നടത്തിയെങ്കിലും ഡിസംബർ ഒന്പതിന് ദിവാകരൻ മരിക്കുകയായിരുന്നു.
സിപിഎം പ്രാദേശിക നേതാവായ ബൈജുവിനെ ആദ്യം പ്രതിചേർത്തിരുന്നില്ലെങ്കിലും പിന്നീട് ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഇയാളെ പ്രതിയാക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സാന്പത്തികമടക്കമുള്ള വാഗ്ദാനങ്ങളും ഭീഷണികളുമുയർന്നെങ്കിലും കുടുംബാംഗങ്ങൾ ശക്തമായ നിലപാടിലുറച്ച് നിന്നിരുന്നു.
കേസിൽ ഉൾപ്പെട്ടവരുടെ ബന്ധുക്കൾ മാപ്പപേക്ഷയുമായി വീട്ടിലെത്തിയെങ്കിലും വഴങ്ങാൻ ഇവർ തയാറായില്ല. കേസിൽ ദിവാകരന്റെ മകൻ ദിലീപും മരുമകൾ രശ്മിയുമടക്കം 28 സാക്ഷികളായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ 27 പേരും സാക്ഷി മൊഴിയിൽ ഉറച്ചുനിന്നു. 2017 മാർച്ച് ഒന്നിനാണ് കേസിൽ വിസ്താരം തുടങ്ങിയത്.