കോട്ടയം: അഞ്ചു വർഷം സംഘടനകളിൽ പ്രധാന ചുമതലകൾ വഹിച്ചവരെ വീണ്ടും ഭാരവാഹിത്വത്തിലേക്കു പരിഗണിക്കേണ്ടതില്ല എന്ന കെപിസിസി തീരുമാനത്തിൽ പല നേതാക്കൾക്കും അങ്കലാപ്പ്.
മാനദണ്ഡം കർശനമായി നടപ്പാക്കിയാൽ പല പതിവ് മുഖങ്ങളും തെറിക്കും എന്നതാണ് സ്ഥിതി. ആർക്കെങ്കിലും ഇളവുകിട്ടുമോയെന്ന ആകാംക്ഷയിലാണ് നേതാക്കളിൽ പലരും. ആർക്കെങ്കിലും ഇളവ് നൽകിയാൽ അതിൽപ്പിടിച്ചു സമ്മർദം ശക്തമാക്കി തുടരാണ് ചിലരെങ്കിലും ശ്രമിക്കുന്നത്.
കെ.സുധാകരൻ കെപിസിസി പ്രസിഡന്റും വി.ഡി.സതീശൻ പ്രതിപക്ഷനേതാവും ആയി പുതിയ നേതൃത്വം വന്നതിനു പിന്നാലെയാണ് കോൺഗ്രസിനെ സെമികേഡർ രൂപത്തിൽ അടിമുടി പരിഷ്കരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.
ഇതു പാർട്ടിയിൽ ചില്ലറ പൊട്ടിത്തെറികൾക്കും ചില നേതാക്കളുടെ പുറത്തേക്കുള്ള പോക്കിനും വഴിതെളിച്ചെങ്കിലും നടപടികളുമായി മുന്നോട്ടുതന്നെ പോകാനാണ് നേതൃത്വത്തിന്റെ തീരുമാനം. പുറത്തുപോയവരോടൊപ്പം അണികൾ ഒരാളുപോലും പോയിട്ടില്ല എന്നതാണ് നേതൃത്വം മുന്നോട്ടുവയ്ക്കുന്ന വാദം.
ഇന്നത്തെ രീതിയിൽ പോയാൽ ഇനി കോൺഗ്രസിനു പിടിച്ചുിനിൽക്കാനാവില്ലെന്നാണ് വിലയിരുത്തൽ. പാർട്ടിയിൽ അടിത്തട്ടുമുതൽ സംസ്ഥാനതലം വരെ മാറ്റങ്ങൾകൊണ്ടുവരാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് അഞ്ചുവർഷത്തിലേറെ പദവികൾ വഹിച്ചവർ മറ്റുള്ളവർക്കായി മാറികൊടുക്കണമെന്ന തീരുമാനം.
വളരെ മുതിർന്ന നേതാക്കളായ തെന്നല ബാലകൃഷ്ണപിള്ള, സി.വി.പത്മരാജൻ, ആര്യാടൻ മുഹമ്മദ് എന്നിവരെ രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് ഒഴിവാക്കാൻ ധാരണയായിട്ടുണ്ട്. പുതിയ മാനദണ്ഡംകൊണ്ടുവന്നതിൽ എ, ഐ ഗ്രൂപ്പുകളും ആശയക്കുഴപ്പത്തിലാണ്.
ഇരുപക്ഷത്തുമുള്ള നിരവധി ഭാരവാഹികൾ ഇതിനകം അഞ്ചു വർഷ കാലാവധി പിന്നിട്ടവരാണ്. ഇവരുടെയൊക്കെ കാര്യം ഇനിയെങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഗ്രൂപ്പു നേതാക്കളെ കുഴക്കുന്നത്.
പി.സി.വിഷ്ണുനാഥ്, ജോസഫ് വാഴയ്ക്കൻ, പത്മജ വേണുഗോപാൽ, എൻ.സുബ്രമണ്യൻ, ശൂരനാട് രാജശേഖരൻ, സി.ആർ.മഹേഷ്, തന്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ്, മാത്യു കുഴൽനാടൻ, ദീപ്തി മേരി വർഗീസ്, ജെയ്സൺ ജോസഫ് തുടങ്ങിയ നേതാക്കൾ പദവികളിൽ അഞ്ചു വർഷം പിന്നിട്ടവരാണ്.
ഇവരിൽ വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ തുടങ്ങിയവർ എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ എന്തായാലും മാറേണ്ടി വരും. ഒരാൾക്ക് ഒരു പദവി എന്ന തത്വം നടപ്പാക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്.
ശൂരനാട് രാജശേഖരൻ, ജോസഫ് വാഴയ്ക്കൻ, എൻ .സുബ്രഹ്മണ്യൻ, പത്മജ എന്നിവരൊക്കെ ഐഗ്രൂപ്പിലെ മുൻനിരക്കാരാണ്. വിഷ്ണുനാഥ്, തന്പാനൂർ രവി തുടങ്ങിയവർ എ ഗ്രൂപ്പിന്റെ ശക്തികേന്ദ്രങ്ങളും.
എന്നാൽ, ഒരു പദവി ഒരാൾക്ക് എന്ന മാനദണ്ഡം കർശനമാക്കിയാൽ പ്രധാന ഭാരവാഹികൾത്തന്നെ മാറേണ്ടി വരുമെന്നതാണ് സ്ഥിതി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും വർക്കിംഗ് പ്രസിഡന്റ്മാരായ കൊടിക്കുന്നിൽ സുരേഷ്, ടി.സിദ്ധിക്ക്, പി.ടി.തോമസ് എന്നിവരും ഇപ്പോൾത്തന്നെ ജനപ്രതിനിധികളാണ്. അല്ലെങ്കിൽ ഇവർക്ക് പ്രത്യേക ഒഴിവ് കൊടുക്കേണ്ടി വരും.
തദ്ദേശ സ്ഥാപനങ്ങളിൽ അടക്കം ജനപ്രതിനിധികൾ ആയവരെ ഒഴിവാക്കി പുതിയ ആൾക്കാരെ കൊണ്ടുവരണമെന്നതാണ് കെപിസിസി മുന്നോട്ടുവച്ചിരിക്കുന്ന ആശയം. ഇത് എത്രത്തോളം പ്രായോഗികമാകും എന്നതു സംശയമുണ്ട്. ഇപ്പോൾ ഡിസിസി പ്രസിഡന്റ് പദവികളിൽനിന്ന് ഒഴിവായവർക്ക് ഉടനെ പുതിയ പദവികൾ നൽകണോ എന്നതിലും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.
പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കാനായാൽ ഗ്രൂപ്പുകളുടെ ശേഷി പിന്നെയും ചോരുമെന്നതാണ് സ്ഥിതി. ഇതാണ് ഗ്രൂപ്പ് മാനേജർമാരെ അലോസരപ്പെടുത്തുന്നതും. എന്നാൽ, ഹൈക്കമാൻഡ് പുതിയ നേതൃത്വത്തിനു സജീവ പിന്തുണ നൽകി നിൽക്കുന്ന സാഹചര്യത്തിൽ പരസ്യമായി രംഗത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് ഗ്രൂപ്പുകൾ.