തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടും കോൺഗ്രസ് ഇനിയും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തിട്ടില്ല.
എംഎൽഎമാരിൽ ഭൂരിപക്ഷവും വി.ഡി. സതീശനൊപ്പമാണെങ്കിലും ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള ചില നേതാക്കൾ രമേശ് ചെന്നിത്തലയ്ക്കു വേണ്ടി നിൽക്കുന്നതാണ് കൂടിയാലോചനകൾ നീണ്ടു പോകാൻ കാരണം.
അതേസമയം, പ്രതിപക്ഷ നേതാവ് ആരെന്ന് സംബന്ധിച്ച് ഇന്നു തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് അറിയുന്നു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതു സംബന്ധിച്ച് മല്ലികാർജുൻ ഖർഗെ, വി. വൈത്തിലിംഗം എന്നിവർ ഹൈക്കമാൻഡിനു സമർപ്പിച്ച റിപ്പോർട്ടിൽ രാഹുൽ ഗാന്ധിയുടെ നിലപാടും പ്രസക്തമാകും.
ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള വി.ഡി. സതീശൻ തന്നെ പ്രതിപക്ഷ നേതാവായേക്കുമെന്ന സൂചനകളാണു പുറത്തു വരുന്നത്. അല്ലെങ്കിൽ എ-ഐ ഗ്രൂപ്പുകളുടെ ഒത്തുകളിക്കു വീണ്ടും ഹൈക്കമാൻഡ് വഴങ്ങണം.
ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു പിന്തുണച്ച ശേഷം കെപിസിസി പ്രസിഡന്റിനു അവകാശവാദമുന്നയിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. കെ.സി.ജോസഫിനെ ഈ പദവിയിലേക്കു കൊണ്ടുവരാനാണ് എ ഗ്രൂപ്പ് നീക്കമെന്നാണ് വാർത്തകൾ.
തലമുറ മാറ്റം
സിപിഎം പുതുനിരയുമായി ഭരണത്തിലേറുന്പോൾ കോൺഗ്രസിലും തലമുറമാറ്റം വേണമെന്ന ആവശ്യമാണ് ഒരു കൂട്ടർ മുന്നോട്ടു വയ്ക്കുന്നത്.
പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല കൊണ്ടു വന്ന ആരോപണങ്ങൾ താഴെത്തട്ടിൽ ഏശിയില്ലെന്ന് വി.ഡി സതീശനെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.
ചെന്നിത്തലയ്ക്ക് ജനങ്ങളുടെ വിശ്വാസ്യത ആർജിക്കാൻ കഴിഞ്ഞില്ലെന്നും യുവജനങ്ങളെ സ്വാധീനിക്കാൻ സാധിച്ചില്ലെന്നും അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ ജനപിന്തുണ നഷ്ടപ്പെടുമെന്നും സതീശനെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.
യുവ എംഎൽഎമാരിൽ നല്ലൊരു പങ്കും വി.ഡി സതീശനൊപ്പമാണ് മാത്രമല്ല കെ. സുധാകരൻ ഉൾപ്പെടെ ഏതാനും എംപിമാരും നേതൃമാറ്റത്തെ അനുകൂലിക്കുന്നു.
കഴിഞ്ഞ പിണറായി ഭരണകാലത്ത് നിരവധി ആരോപണങ്ങൾ ഉയർത്തിക്കൊണ്ടു വന്ന രമേശ് ചെന്നിത്തലയെ മാറ്റുന്നത് അനീതിയാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു.
പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു രമേശ് ചെന്നിത്തലയെ മാറ്റില്ലെന്ന പ്രതീക്ഷയിലാണ് ചെന്നിത്തലയെ അനുകൂലിക്കുന്ന വിഭാഗം.
ചെന്നിത്തലയ്ക്കായി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് യുവഎംഎൽഎമാരിൽ ഭൂരിപക്ഷവും വി.ഡി സതീശനുവേണ്ടി നിലകൊള്ളുന്പോൾ രമേശ് ചെന്നിത്തലയ്ക്കായി ശക്തിയുക്തം വാദിച്ച് ഉമ്മൻ ചാണ്ടി.
ഹൈക്കമാൻഡിലെ മുതിർന്ന നേതാക്കളെ ഉമ്മൻ ചാണ്ടി നേരിട്ട് ഫോൺ വിളിച്ച് സമ്മർദം ശക്തമാക്കി. പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകാൻ രമേശ് ചെന്നിത്തല തന്നെ വേണമെന്ന തന്റെ നിലപാട് ഉമ്മൻ ചാണ്ടി ആവർത്തിച്ചു.
ആവേശം കൊണ്ടു മാത്രം പാർട്ടിയെ മുന്നോട്ടു കൊണ്ടു പോകാനാവില്ലന്നും ഉമ്മൻ ചാണ്ടി ഹൈക്കമാൻഡ് നേതൃത്വത്തെ ധരിപ്പിച്ചു.