സ്വന്തം ലേഖകന്‍
കോഴിക്കോട്: കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി പൊട്ടിത്തെറി ഒഴിവാക്കാനും പാര്‍ട്ടിയുടെ മുന്നോട്ടുള്ളപോക്ക് സുഗമമാക്കാനും വഴിയൊരുക്കി കേന്ദ്ര നേതൃത്വം.
സ്വന്തം അടുപ്പക്കാരോടുപോലും മനസുതുറക്കാതെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് നല്കിയ ഡിസിസി പട്ടിക പൂര്‍ണമായും ഹൈക്കമാന്‍ഡ് അംഗീകരിച്ചതെന്ന രീതിയിലുള്ള പ്രഖ്യാപനമായിരിക്കും ഉണ്ടാകുക.
പ്രതിപക്ഷസ്ഥാനവും കെപിസിസി പ്രസിഡന്റ് സ്ഥാനവും നേരിട്ട് എഐസിസി തീരുമാനിച്ചപോലെ തന്നെയായിരിക്കും ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തിലും സംഭവിക്കുക.
പരാതികളുണ്ടെങ്കില്‍ അത് കേന്ദ്ര നേതൃത്വത്തിന് നല്കിയാല് മതിയെന്നും നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിലെ മുതിര്‍ന്ന നേതാക്കളും എംപിമാരുമായ എം.കെ.രാഘവന്, കെ.മുരളീധരന് തുടങ്ങിയ നേതാക്കളുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ഇത്തവണ മലബാറിലെ ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുത്തത്.
മറ്റിടങ്ങളിലും എംപിമാരുടെ അഭിപ്രായങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിയതായാണ് വിവരം.നിലവിലെ സാഹചര്യത്തില്‍ 16-ന് പുതിയ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.
പ്രവര്‍ത്തന മികവ്, സംഘാടന ശേഷി, പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും ഇടയിലെ സ്വീകാര്യത എന്നിവ അടിസ്ഥാനമാക്കി മാത്രം മതി പുനസംഘടനയെന്ന് എഐസിസി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
അവസാനനിമിഷം വരെ പേരുകള്‍ പുറത്തുവരാതിരിക്കാനുള്ള നിര്‍ദേശവും പാര്‍ട്ടി കേന്ദ്ര നേതൃത്വം നല്കി. ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് കുറച്ചുകാലം ഇരുന്ന ശേഷം പാര്‍ലമെന്റിലേക്കോ നിയമസഭയിലേക്കോ മത്സരിക്കുന്ന രീതി പൂര്‍ണമായും ഒഴിവാക്കും.
നിലവില്‍ 14 ഡിസിസികളില്‍ 9 എണ്ണം ഐ വിഭാഗത്തിനും 5 എണ്ണം എ വിഭാഗത്തിനുമാണ്. പുനസംഘടനയോടെ ഇതില്‍ മാറ്റവരുമെന്നാണ് അറിയുന്നത്.