അഹമ്മദാബാദ്: ദേശീയതയും മതവും കൂട്ടിക്കലർത്തിയ ബിജെപിയുടെ കപടദേശീയതയെ മഹാത്മാഗാന്ധിയും സർദാർ പട്ടേലും ജവഹർലാൽ നെഹ്റുവും സ്വീകരിച്ച നിലപാടുകളിലൂടെ നേരിടുമെന്ന പ്രഖ്യാപനത്തോടെ എഐസിസി സമ്മേളനം സമാപിച്ചു.
രാജ്യത്തെ വെറുപ്പിന്റെ അഗാധതയിലേക്കു തള്ളിവിടുന്ന വർഗീയതയുടെ പ്രത്യയശാസ്ത്രത്തിനെതിരേ സ്നേഹത്തിലൂടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന നയങ്ങളിലൂടെയും പോരാടുമെന്ന് രാഷ്ട്രീയ പ്രമേയത്തിലൂടെ കോണ്ഗ്രസ് പ്രഖ്യാപിച്ചു.
ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ചു മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ആക്രമിക്കുന്നതിൽ ഭരണകക്ഷി സജീവ പങ്കാളികളാണെന്ന് കോണ്ഗ്രസ് ആരോപിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ ദുർബലവും പരാജയപ്പെട്ടതുമായ വിദേശനയം, സന്പദ്വ്യവസ്ഥ തുടങ്ങിയവ രാജ്യത്തെ യുവാക്കളുടെ ഭാവി തകർത്തു.
മോദിയുടെ വ്യക്തിഗത ബ്രാൻഡിംഗിന്റെയും നിക്ഷിപ്ത താത്പര്യങ്ങളുടെയും ബലിപീഠത്തിൽ ഇന്ത്യയുടെ വിദേശനയത്തിൽ കേന്ദ്രസർക്കാർ വിട്ടുവീഴ്ച ചെയ്തു. അമേരിക്കയുടെ മുന്നിൽ നിസഹായ വിധേയത്വമായി മോദി മാറിയെന്നു പ്രമേയം കുറ്റപ്പെടുത്തി. ഗുജറാത്തിലും കേന്ദ്രത്തിലും അധികാരത്തിൽ തിരിച്ചെത്താനുള്ള പാർട്ടിയുടെ നയസമീപനങ്ങൾ സമ്മേളനം അംഗീകരിച്ചു.