അമ്പലപ്പുഴ: മത്സരിച്ച് ജയിച്ചവർ വീണ്ടും മത്സരരംഗത്തേക്ക് എത്തുന്നതിൽ കോൺഗ്രസ് അണികൾക്കിടയിൽ മുറുമുറുപ്പ്. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലാണ് പലതവണ മത്സരിച്ച് വിജയിച്ചവർ വീണ്ടു സീറ്റ് മോഹവുമായി രംഗത്തെത്തിയത്.
ഇതോടെ യുവനേതാക്കൾ റിബൽ സ്ഥാനാർഥികളായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ നിന്നും മത്സരിച്ച് ജയിച്ചവർ ജയസാധ്യതയുള്ള മറ്റ് വാർഡുകൾ ലക്ഷ്യമിട്ടതോടെ യുവനേതാക്കളെ ഒഴിവാക്കുന്നു എന്ന ആരോപണം ശക്തമായിട്ടുണ്ട്.
മോഹം കൊണ്ടാൽ!
പ്രസിഡൻറ് സ്ഥാനം മോഹിച്ചാണ് പലതവണ വിജയിച്ചവർ വീണ്ടും മത്സരിക്കാൻ തയ്യാറെടുക്കുന്നത് എന്നാണ് ആക്ഷേപം. പൊതുരംഗത്ത് മികവ് തെളിയിച്ചിട്ടുള്ള പലരേയും ഒഴിവാക്കി
ആരോപണവിധേയരായ ചിലർക്ക് സീറ്റ് നൽകാനുള്ള തീരുമാനവും അണികൾക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. ഇത് വിജയസാധ്യതയുള്ള വാർഡുകൾ നഷ്ടപ്പെടാൻ ഇടയാകുമെന്നാണ് അണികൾക്കിടയിലെ ആരോപണം.
ഒരു സമുദായ സംഘടനയുടെ ആസ്തിവകകൾ മറിച്ചുവിറ്റതിൻെറ പേരിൽ ആരോപണവിധേയനായ ഒരു യുവനേതാവ് ബ്ലോക്ക് തലത്തിൽ മത്സരിക്കാനുള്ള ശ്രമവും കോൺഗ്രസിൽ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയിട്ടുണ്ട്.
സമുദായ അംഗങ്ങളുടെ എതിർപ്പ് വകവെക്കാതെയാണ് ഇയാൾ ബ്ലോക്കിലേക്ക് മത്സരിക്കാൻ സ്വയം തീരുമാനിച്ച് ഇറങ്ങിയിരിക്കുന്നത്. ഇവിടെ വിജയസാധ്യതയുള്ള പൊതുപ്രവർത്തകരായ യുവാക്കളെ നിർത്തണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്.
പോരിനുറച്ച് നേതാവും
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം മോഹിച്ച് ഒരു വനിതാനേതാവ് അമ്പലപ്പുഴയിൽനിന്നും മത്സരിക്കാൻ സ്വയം തീരുമാനം എടുത്ത് നിശബ്ദ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
ജില്ലയിൽ പാർട്ടിയുടെ വനിതാഅംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കേണ്ട നേതാവുതന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത് അംഗങ്ങൾക്കിടയിൽ പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് കസേര നോട്ടമിട്ട് ഒരു നേതാവ് മത്സരിക്കാൻ തീരുമാനിച്ചത് കഴിഞ്ഞ ദിവസം അണികൾക്കിടയിൽ വാക്കേറ്റത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മണ്ഡലത്തിലെ വിവിധ വാർഡുകളിൽ മത്സരിക്കാൻ പലരും തുനിഞ്ഞിറങ്ങിയത്.