ന്യൂഡൽഹി: കർണാടകയിലെ പുതിയ എംഎൽഎമാരിൽ 97 ശതമാനം പേരും കോടീശ്വരന്മാർ. കർണാടക ഇലക്ഷൻ വാച്ച് ആൻഡ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 221 എംഎൽഎമാരിൽ 215 പേരും കോടീശ്വരന്മാരാണ്. ഒരാളുടെ ശരാശരി ആസ്തി 35 കോടി രൂപയാണ്. 2013ൽ ഇത് 11 കോടി രൂപയായിരുന്നു.
കോൺഗ്രസിന്റെ 99 ശതമാനം എംഎൽഎമാരും കോടീശ്വരന്മാരാകുന്പോൾ ബിജെപിയുടെ 98 ശതമാനം പേരും കോടീശ്വരന്മാരാണ്. കോൺഗ്രസ് എംഎൽഎമാരുടെ ശരാശരി ആസ്തി 60 കോടി രൂപയാണ്. ബിജെപി എംഎൽഎമാരുടെ ആസ്തി 17 കോടി രൂപയാണ്. ജെഡിഎസിന്റെ 95 ശതമാനം എംഎൽഎമാരുടെ ആസ്തി 24 കോടി രൂപയാണെന്നാണ് റിപ്പോർട്ട് കാണിക്കുന്നത്.
ഹൊസകോട്ടിൽ നിന്ന് വിജയിച്ച കോൺഗ്രസ് എംഎൽഎ എൻ. നാഗരാജാണ് കോടീശ്വരന്മാരിൽ ഒന്നാമൻ. 1,015 കോടി രൂപയാണ് അദേഹത്തിന്റെ ആസ്തി. അതേസമയം ക്രിമിനല്‍ കേസുകളിൽ മുന്നിൽ ബിജെപി എംഎൽഎമാരാണ്.
41 ശതമാനം ബിജെപി എംഎൽഎമാർക്കു എതിരേ ക്രിമിനൽ കേസുകളുണ്ട്്. കോൺഗ്രസിന്റെയും ജെഡിഎസിന്റെയും 30 ശതമാനം എംഎൽഎമാരും ക്രിമിനൽ കേസിൽ പ്രതികളാണ്.