കോഴിക്കോട്: ബിജെപി എറിഞ്ഞ അയോധ്യ ആയുധത്തില്‍ കറങ്ങി വീണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന ലീഗ് യോഗത്തില്‍ കോണ്‍ഗ്രസ് രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നത് അനുചിതമാണെന്ന് പറയാതെ പറഞ്ഞ് ലീഗ് സമ്മര്‍ദ്ദം കടുപ്പിച്ചതോടെ വിഷയത്തില്‍ എല്ലാം കേന്ദ്രം തീരുമാനിക്കുമെന്ന് നിലപാടിലേക്ക് മാറുകയാണ് സംസ്ഥാന നേതാക്കള്‍.
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലീഗിനെ പിണക്കിയാലുണ്ടാകുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് നേതാക്കള്‍ക്കറിയാം. കേരളത്തില്‍ ഇരുപത് സീറ്റും ലക്ഷ്യമിടുന്ന കോണ്‍ഗ്രസ് തത്കാലം ലീഗിന്റെ അനിഷ്ടം ഇഷ്ടപ്പെടുന്നില്ല. “ഒന്നും നഷ്ടപ്പെടാനില്ലാത്ത’ സിപിഎം ആകട്ടെ നേരത്തെ തന്നെ പരിപാടിയില്‍ പങ്കെടുക്കില്ലെന്നറിയിച്ച് രംഗത്തെത്തി. കോണ്‍ഗ്രസ് നേതാക്കളില്‍ കെ. മുരളീധരന് മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് പറഞ്ഞത്.
അതേസമയം പരിപാടിയില്‍ പങ്കെടുക്കാതിരുന്നാല്‍ ഹിന്ദി ഹൃദയഭൂമിയിലുണ്ടാകുന്ന തിരിച്ചടി കേന്ദ്രനേതൃത്വത്തിനു മുന്നിലുണ്ട്. തത്കാലം കേരളത്തിലെ 20 സീറ്റുകള്‍ മാത്രം മുന്നില്‍ കണ്ട് തീരുമാനമെടുക്കാന്‍ ദേശീയ നേതൃത്വത്തിന് കഴിയില്ലഎന്ന് ചുരുക്കം.
യുപി, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്,ഗുജറാത്ത്, മഹാരാഷ്ട്ര ഉള്‍പ്പെടെ വേരോട്ടമുള്ള സംസ്ഥാനങ്ങളില്‍ മുഴുവന്‍ ഹിന്ദുവോട്ടുകളും നഷ്ടപ്പെടാനുള്ള സാഹചര്യം രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരിക്കുന്നതുവഴി ഉണ്ടാകുമോ എന്ന ആശങ്കയാണ് ഐസിസിസി നേതൃത്വത്തിനുള്ളത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തമായ മറുപടി പറയാന്‍ തയാറായിട്ടില്ല.
അതേസമയം വിഷയം ഇരുതല മൂള്ച്ചയുള്ള വാളാണെന്നും പ്രതികരണം സൂക്ഷിച്ചുമതിയെന്നുമാണ് ലീഗിനുള്ളില്‍ ഉയര്‍ന്നിരിക്കുന്ന വികാരം. പ്രതിഷ്ഠാചടങ്ങിന് ക്ഷണിച്ചതിലൂടെ ബിജെപി കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് എന്ത് തീരുമാനെമെടുക്കുമെന്ന് കാത്തിരിക്കുകയാണ് ലീഗ് നേതാക്കള്‍. പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ അത് ഒരു കനലായി ഒരു വിഭാഗം നേതാക്കള്‍ക്കളുടെ മനസില്‍ ആളിക്കത്തുമെന്ന കാര്യം ഉറപ്പാണ്.
കേരളത്തിലെ സാഹചര്യം മറ്റൊരിടത്തും കോണ്‍ഗ്രസ് നേരിടുന്നില്ലെന്നതും ദേശീയ നേതൃത്വം മുന്നില്‍ കാണുന്നു. ഇന്ത്യ മുന്നണിയുടെ ഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസ് ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു.