വൈപ്പിൻ: ഇടത് മുന്നണി മദ്യനയത്തിൽ മാറ്റം വരുത്തിയതിനെ തുടർന്ന് ത്രീ സ്റ്റാർ മുതൽ മേലൊട്ടുള്ള പദവികളിലെ ഹോട്ടലുകൾക്ക് ബാർ ലൈസൻസുകൾ നൽകിയതോടെ ഞാറക്കൽ, പറവൂർ എക്സൈസ് റേഞ്ചുകളിലെ രണ്ട് ബിയർ വൈൻ പാർലറുകൾ വീണ്ടും ബാറുകളായി. ചെറായി ബീച്ചിലും പറവൂർ നഗരത്തിലുമാണ് ഒരോ ബിയർ വൈൻ പാർലറുകൾ ഇന്നലെ മുതൽ ബാറുകളായി മാറിയത്. പറവൂരിൽ ചേന്ദമംഗലം കവലയിൽ പുതിയ ലൈസൻസിൽ ഒരു ബാറുകൂടി തുറക്കുമെന്ന് എക്സൈസ് അധികൃതർ സൂചന നൽകി.
കൂടാതെ പുത്തൻ വേലിക്കരയിലും ഒരു ബാർ പ്രവർത്തനം തുടങ്ങും. അതേ സമയം ഞാറക്കൽ റേഞ്ച് പരിധിയിൽ നേരത്തെയുണ്ടായിരുന്ന അഞ്ച് ബിയർ വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകിയിട്ടില്ല. വൈപ്പിൻ സംസ്ഥാന പാതക്കടുത്ത് തന്നെ സ്ഥിതിചെയ്യുന്നതിനാൽ ദൂരപരിധി ഇവക്ക് വില്ലനായി മാറിയതുകൊണ്ടാണ് ലൈസൻസ് കിട്ടാതെ വന്നത്. ഇതിനിടെ ദൂരപരിധിയുടെ പേരിൽ ചെറായി ദേവസ്വം നടക്ക് വടക്കു നിർത്തലാക്കിയ ബാർ തുറക്കാൻ ഇതിന്റെ പ്രവേശനം സംസ്ഥാന പാതയിൽ നിന്നും കിഴക്ക് മാറി ചെറായി – പറവൂർ റോഡിൽ നിന്നും ആക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇനി ഈ ലൈസൻസുകൾ താലൂക്കിൽ തന്നെ മറ്റെവിടേക്കെങ്കിലും ചട്ടങ്ങൾക്കനുസൃതമായി മാറ്റി സ്ഥാപിക്കാനെ സാധിക്കുകയുള്ളു. ചെറായി ബീച്ചിൽ ടൂറിസം മേഖലയായി പരിഗണിച്ചാണ് ബാർ ലൈസൻസ് നൽകിയത്. ഇവിടെ നേരത്തെ പ്രവർത്തിച്ചിരുന്ന ബിയർ വൈൻ പാർലർ ഇന്നലെ രാവിലെ 11 മണി മുതലാണ് ബാർ ആയി മാറിയത്. വിവരം മുൻകൂട്ടിയറിഞ്ഞിരുന്ന മദ്യപൻമാർ നേരത്തെ തന്നെ ബാറിനു മുന്നിൽ തടിച്ചു കൂടിയിരുന്നു.
ഇത് മൂലം രാവിലെ ബീച്ചിൽ വൻ തിരക്ക് അനുഭവപ്പെട്ടു. എന്നാൽ ചെറായി ദേവസ്വം നടയിൽ നിന്നും ബീച്ചിലെ ബാറിൽ മദ്യപിച്ച് തിരികെ പോകണമെങ്കിൽ 80 രൂപ ഓട്ടോ ചാർജ് നൽകണം. മാത്രമല്ല ബിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളിലേതിനാക്കാൾ വൻ വില ബാറിൽ നൽകേണ്ടി വരുന്നതും മദ്യപർക്ക് കെണിയായി.
സംസ്ഥാനത്തെ മദ്യ ഉപയോഗം കുറച്ച് സന്പൂർണ്ണ മദ്യനിരോധനത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് സർക്കാർ കൊണ്ടു വന്ന മദ്യനയത്തിൽ മാറ്റം വരുത്തി ഇടതു സർക്കാർ ബാറുകൾ വ്യാപകമായി തുറക്കാൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ച് ചെറായി ദേവസ്വം നടയിൽ കോണ്ഗ്രസ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പ്രതീകാത്മക ബാർ കൗണ്ടർ തുറന്ന് പ്രതിഷേധിച്ചു. യൂത്ത് കോണ്ഗ്രസ് പള്ളിപ്പുറം സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി പള്ളിപ്പുറം ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് വി.എസ്. സോളി രാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് ചിദംബരം അധ്യക്ഷത വഹിച്ചു. മാർട്ടിൻ തോപ്പിൽ, സുധി, ശ്രീവിലാസൻ, തുടങ്ങിയവർ നേതൃത്വം നൽകി.