ന്യൂഡൽഹി: ബിജെപിയെയും നരേന്ദ്ര മോദിയെയും അധികാരത്തിൽ നിന്നു താഴെയിറക്കണമെന്ന ലക്ഷ്യത്തിനായി പ്രധാനമന്ത്രി സ്ഥാനത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറാണെന്നു വ്യക്തമാക്കി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമുണ്ടായാൽ ബിജെപി ഇതര പാർട്ടികളെ കൂടെ നിർത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിന്റെ ഭാഗമായാണിത്.
ബിജെപിയെയും മോദിയെയും തടയുക എന്നതാണു ലക്ഷ്യമെന്നും പ്രധാനമന്ത്രിപദത്തിനുവേണ്ടി വാശി പിടിക്കില്ലെന്നും പറഞ്ഞ കോൺഗ്രസ് നേ താവ് ഗുലാംനബി ആസാദ്, കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയുണ്ടായാൽ അതിനെ എതിർക്കില്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ പ്രതിപക്ഷ കക്ഷികളുമായി ധാരണയുണ്ടായാൽ കോണ്‍ഗ്രസിനു പ്രധാനമന്ത്രിയുണ്ടാകുമെന്നും അദ്ദേഹം പാറ്റ്നയിൽ നടത്തിയ പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
അതിനിടെ, മോദിയെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികളെയെല്ലാം ഒരുമിച്ചു നിർത്തുന്നതിനായി മറ്റൊരു നീക്കവുമായി യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തി.
ബിജെപി പാളയത്തിനു പുറത്തു നിൽക്കുന്ന പാർട്ടികളുമായി അനൗദ്യോഗിക ചർച്ചകൾക്കു സോണിയ ഗാന്ധി തുടക്കമിട്ടു.
ബിജു ജനതാദൾ നേതാവ് നവീൻ പട്നായിക്, വൈഎസ്ആർ കോണ്‍ഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി, ടിആർഎസ് നേതാവും തെലുങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു എന്നിവരുമായി ചർച്ച നടത്താൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെ നിയോഗിച്ചു എന്നും റിപ്പോർട്ടുണ്ട്.
സോണിയ ഗാന്ധിയുടെ അഭ്യർഥന പ്രകാരം ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും അനൗപചാരിക നീക്കങ്ങൾക്കു തുടക്കമിട്ടിട്ടുണ്ട്. അതേസമയം, ജനതാദൾ സെക്കുലർ, എൻസിപി, സമാജ്വാദി പാർട്ടി, ബിഎസ്പി പാർട്ടികളുടെ പ്രമുഖ നേതാക്കളെ സോണിയ നേരിട്ടു വിളിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
കോണ്‍ഗ്രസിതര മുന്നണിക്കു ചന്ദ്രശേഖര റാവു നടത്തിയ നീക്കം പാളിപ്പോയിരുന്നു.പ്രധാനമന്ത്രിപദം ലക്ഷ്യമാക്കി ഒരേ രീതിയിലുള്ള നീക്കങ്ങളാണ് സമാജ്വാദി പാർട്ടിയും ബിഎസ്പിയും തൃണമൂൽ കോണ്‍ഗ്രസും നടത്തുന്നത്.
ഉത്തർപ്രദേശിൽ ബിജെപിയെ വലിയ തോതിൽ തോല്പിക്കാനായാൽ പ്രധാനമന്ത്രി പദത്തിനു വാദമുന്നയിക്കാമെന്ന് എസ്പി-ബിഎസ്പി സഖ്യവും പശ്ചിമബംഗാളിൽ വലിയ നേട്ടമുണ്ടാക്കാനായാൽ അവകാശവാദം ഉന്നയിക്കാമെന്നു മമതാ ബാനർജിയും കണക്കുകൂട്ടുന്നു.
ജിജി ലൂക്കോസ്