ബംഗളൂരു: കർണാടകയിൽ 2010ൽ ബിജെപി ഭരിക്കുന്പോൾ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നടപ്പാക്കിയ “ഭാഗ്യലക്ഷ്മി’ പദ്ധതിയുടെ ഭാഗമായി സാരിവാങ്ങിയതിൽ 23 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. സംഭവത്തിൽ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി മാധ്യമവിഭാഗം അധ്യക്ഷൻ രമേഷ് ബാബു മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കത്തുനൽകി.
പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകൾക്കു വിതരണം ചെയ്യാൻ ഗുജറാത്തിലെ സൂറത്തിൽനിന്ന് 10,68,196 സാരികളാണു വാങ്ങിയത്. മാർക്കറ്റ് നിരക്കിനെക്കാൾ കൂടുതൽ വിലയ്ക്കാണു സാരിവാങ്ങിയതെന്നാണ് ആരോപണം. കർണാടകയിലെ നെയ്ത്തുകാരെയും സഹകരണസംഘങ്ങളെയും ഒഴിവാക്കിയാണു പുറത്തുനിന്നു സാരിവാങ്ങിയത്.
അന്ന് നിയമനിർമാണ കൗൺസിൽ അംഗമായിരുന്ന ഇപ്പോഴത്തെ രാജ്യസഭാംഗം ലഹർ സിംഗ് സിറോയയാണ് സാരി വാങ്ങാൻ നേതൃത്വം നൽകിയത്. ‘മുഡ’ ഭൂമിയിടപാടും വാല്മീകി എസ്ടി കോർപ്പറേഷൻ ഫണ്ട് തിരിമറിയുമുയർത്തി സിദ്ധരാമയ്യ സർക്കാരിനെതിരേ ബിജെപി പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് കോൺഗ്രസ് പുതിയ ആരോപണമുയർത്തിയത്.