ന്യൂഡല്‍ഹി: ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെ അധികാരത്തിലേറാമെന്ന മോഹം അസ്ഥാനത്താണെന്ന് തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ്. ബിജെപിയ്ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തില്‍ അധികാരത്തിലേറുന്നതില്‍ നിന്ന് എങ്ങനെയും ബിജെപിയെ തടയുകയാവും കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിനായി പ്രധാനമന്ത്രി മോഹം ഉപേക്ഷിക്കാന്‍ രാഹുല്‍ഗാന്ധി തയ്യാറായേക്കുമെന്നു തന്നെയാണ് വിവരം.
എന്നാല്‍ പ്രതിപക്ഷ ഐക്യം കീറാമുട്ടിയായി തുടരുകയാണ്. മെയ് 21ന് കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. മമതാ ബാനര്‍ജി,അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ നേതാക്കളാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്. നേതാക്കളെ ചര്‍ച്ചയ്ക്ക് എത്തിക്കാനുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സമവായ ശ്രമങ്ങളും പാളി. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍ പ്രധാനമന്ത്രി പദത്തില്‍ കണ്ണുള്ള മമതയും മായാവതിയും തന്ത്രപരമായ നിലപാട് എടുത്തു. കോണ്‍ഗ്രസിന് ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കഴിഞ്ഞില്ലെങ്കില്‍ തങ്ങള്‍ പിന്തുണയ്ക്കില്ലെന്നാണ് ഇവരുടെ നിലപാട്. അതായത് 150 സീറ്റെങ്കിലും കിട്ടിയാല്‍ മാത്രമേ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ മായവാതിയും മമതയും തയ്യാറാകൂ. അല്ലാത്ത പക്ഷം ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന പ്രാദേശിക കക്ഷിയുടെ നേതാവ് പ്രധാനമന്ത്രിയാകട്ടേ എന്നാണ് അവരുടെ നിലപാട്.
ഇതുകൊണ്ടു തന്നെയാണ് എസ്പിയും ബിഎസ്പിയും അടക്കമുള്ള പാര്‍ട്ടികള്‍ കോണ്‍ഗ്രസിനോട് അകലം പാലിക്കുന്നത്. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനോട് മമതയ്ക്കും മായാവതിയ്ക്കും അശേഷം താല്‍പര്യമില്ലതാനും. പ്രതീക്ഷിക്കുന്ന മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കില്ല എന്ന വിലയിരുത്തലിനെത്തുടര്‍ന്ന കര്‍ണാടക മോഡല്‍ പരീക്ഷിക്കാനും കോണ്‍ഗ്രസിനു പദ്ധതിയുണ്ട്. എസ്പിയും ബിഎസ്പിയും ചേര്‍ന്ന് യുപിയില്‍ 40 സീറ്റില്‍ അധികം നേടിയാല്‍ മായാവതിയെ പ്രധാനമന്ത്രിയാക്കേണ്ടി വരും. മമതയുടെ മനസ്സില്‍ ബംഗാളില്‍ നിന്ന് തൃണമൂലിന് 33 സീറ്റ് കിട്ടുമെന്നാണ്. അങ്ങനെ വന്നാല്‍ തൃണമൂലാകും ഏറ്റവും വലിയ പ്രാദേശിക പാര്‍ട്ടി. പ്രാദേശിക പാര്‍ട്ടികളുടെ സഹകരണത്തോടെ കോണ്‍ഗ്രസിനെ അകറ്റുന്ന സര്‍ക്കാരാണ് മമതയുടെ മനസ്സില്‍.
നിലവിലെ കണക്കുകൂട്ടലില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ സാധിച്ചേക്കില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. പരമാവധി 120 മുതല്‍ 140 സീറ്റുവരെയെ കോണ്‍ഗ്രസിന് ലഭിക്കൂ എന്നാണ് ആഭ്യന്തര സര്‍വേയില്‍ പറയുന്നത്. ബൂത്ത്തലത്തിലുള്ള കണക്കുകള്‍ അവലോകനം ചെയ്താണ് കണ്ടെത്തല്‍. 140 സീറ്റില്‍ കൂടുതല്‍ നേടിയാല്‍ മാത്രം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയാല്‍ മതിയെന്ന തീരുമാനത്തിലായിരുന്നു കോണ്‍ഗ്രസ്. പുതിയ അവലോകനങ്ങളുടെ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രി പദത്തില്‍ അവകാശ വാദം വേണ്ടെന്ന് വയ്ക്കുന്നത്. ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
1996 ല്‍ മൂന്നാം മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ഇത് വേണ്ടെന്നതാണ് പാര്‍ട്ടിയിലെ പൊതു നിലപാട്. പ്രധാനന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന് സ്വീകര്യനായ ആളെ പിന്തുണയ്ക്കും. മായവതി, മമത. ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു എന്നിവരാണ് പ്രധാനമന്ത്രി സ്ഥാനം മോഹിക്കുന്നവര്‍. ഇവരുടെ പാര്‍ട്ടികള്‍ക്ക് അവരുടെ സംസ്ഥാനത്ത് ഏകപക്ഷീയ വിജയം കിട്ടുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പ്രചാരണത്തില്‍ സജീവമായിരുന്നില്ലെങ്കിലും, കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും സജീവ ഇടപെടല്‍ നടത്തും.
ബിജെപി തനിച്ച് 200 സീറ്റിനു മുകളില്‍ നേടിയാല്‍ തങ്ങളുടെ എല്ലാ കണക്കുകൂട്ടലുകളും പാളുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അപ്പോള്‍ കയ്യാലപ്പുറത്തുള്ള ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് നിലപാട് നിര്‍ണ്ണായകമാകും. അതു തടയാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസിനു പുറമേയുള്ള യുപിഎ കക്ഷികള്‍ (ഡിഎംകെ, ആര്‍ജെഡി, എന്‍സിപി, ജെഡിഎസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, നാഷനല്‍ കോണ്‍ഫറന്‍സ്) ചുരുങ്ങിയത് 50 സീറ്റ് നേടുമെന്നാണു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
എസ്പി, ബിഎസ്പി, തൃണമൂല്‍, ടിഡിപി, ഇടത് കക്ഷികള്‍ എന്നിവ നേടിയേക്കാവുന്ന 70-80 സീറ്റ് ഒരുകാരണവശാലും എന്‍ഡിഎയിലേക്കു പോവില്ലെന്നു വിലയിരുത്തുന്ന കോണ്‍ഗ്രസ്, ബാക്കിയുള്ള നാല്‍പതോളം സീറ്റുകള്‍ (ടിആര്‍എസ്, വൈഎസ്ആര്‍, ബിജെഡി) ഏതു ഭാഗത്തേക്കും മാറുമെന്നും വിലയിരുത്തുന്നു. അതിനാല്‍ തന്നെ പ്രധാനമന്ത്രി മോഹം ത്യജിച്ച് മോദിയ്ക്ക് കൂച്ചുവിലങ്ങിടാനാവും രാഹുലിന്റെ ശ്രമം.