ജോണ്സണ് വേങ്ങത്തടം
ലോക്സഭ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ക്കു വരെ സീറ്റുകള്‍ നല്കി കൊണ്ടു സിപിഎം ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ ഒരുങ്ങുന്നതോടെ കോണ്‍ഗ്രസ് തന്ത്രം മാറ്റി അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ ഇറക്കി വിജയം വരിക്കാന്‍ ഒരുങ്ങുന്നു. രാഷ്ട്രീയകൊലപാതകവും ശബരിമലവിഷയവും, കര്‍ഷക ആത്മഹത്യയും ചര്‍ച്ച് ആക്ടും മൂലം പരാജയഭീതിയില്‍ നില്ക്കുന്ന സിപിഎമ്മും സിപിഐയും സിറ്റിംഗ് എംഎല്‍എമാര്‍ക്കും വിവാദ നേതാക്കള്‍ക്കും സിറ്റുകള്‍ നല്കി വിജയം നേടിയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കേസും വിവാദങ്ങളും പിന്തുടരുമ്പോഴും പി. ജയരാജനെ വടകരയില്‍ പരീക്ഷിക്കാനാണ് സിപിഎം തീരുമാനം. വിവാദത്തിലുള്ള പി.വി അന്‍വാറിനു പോലും സീറ്റ് നല്‍കാനാണ് സിപിഎം ആലോചിക്കുന്നത്. ചാലക്കുടിയില്‍ പ്രാദേശിക ഘടകം വേണ്ടെന്നു പറയുമ്പോഴും ഇന്നസെന്റിനെയും എറണാകുളത്തു പാര്‍ട്ടിചിഹ്നത്തില്‍ മത്സരിക്കാന്‍ പി. രാജീവിനെയും പരീക്ഷിക്കാന്‍ ശ്രമിക്കുന്നതും കടുത്ത മത്സരം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്.
നിലവിലുള്ള എംഎല്‍എമാരില്‍ പത്തനംതിട്ടയില്‍ റാണി ജോര്‍ജിനു സീറ്റ് ലഭിക്കും. സിപിഎം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി നാളെ പ്രഖ്യാപിക്കും. നിലവില്‍ പാര്‍ട്ടി പരിഗണിക്കുന്ന സ്ഥാനാര്‍ഥികളും ശക്തരാണ്. ഇതോടെ കോണ്‍ഗ്രസിനു ശക്തരായ നേതാക്കളെ ഇറക്കി കളിക്കേണ്ട ഗതിക്കേടിലാണ്. ഇതാണ് വീണ്ടും കോണ്‍ഗ്രസിനെ ചിന്തിപ്പിക്കുന്നത്. മത്സരിക്കുന്നില്ലെന്നു പറഞ്ഞു പിന്‍വലിഞ്ഞു നില്ക്കുന്ന നേതാക്കളെ സ്ഥാനാര്‍ഥികളായി നിശ്ചയിക്കാനാണ് തീരുമാനം.
വടകരയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിച്ചില്ലെങ്കില്‍ ജയരാജനെ തോല്പിക്കാന് സാധ്യതയില്ലെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആര്എംപിയുമായിട്ടുള്ള മുല്ലപ്പള്ളിയുടെ ബന്ധം ശക്തമാണ്. കൊലപാതകരാഷ്ട്രീയത്തിനെതിരേ ആഞ്ഞടിക്കാന്‍ മുല്ലപ്പള്ളിക്കു ശക്തിനല്കാന് രമയുടെ നേതൃത്വത്തില്‍ ആര്‍എംപിക്കാര്‍ രംഗത്തു വരുമെന്നു കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ഹൈക്കമാന്‍ഡിന്റെ മുന്നില്‍ പോലും മത്സരിക്കില്ലെന്നു പറയുന്ന ഉമ്മന്‍ചാണ്ടിയും വി.എം. സുധീരനും രംഗത്തു വരാനുള്ള സാധ്യത കൂടുതലാണ്. ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്നാണ് കെപിസിസിയുടെയും ഹൈക്കമാന്‍ഡിന്റെയും ആഗ്രഹം.
കേന്ദ്രനേതൃത്വം പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടി മത്സരിക്കും. വി.എം. സുധീരന് മത്സരരംഗത്തേക്കില്ലെന്നു പറയുമ്പോഴും തൃശൂരില്‍ അദ്ദേഹത്തെ പരിഗണിക്കാനാണ് സാധ്യത. എഐസിസി ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ ചുമതലവഹിക്കുന്ന നേതാവുമായ കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കേണ്ടി വരും.
കൂടാതെ നിലവിലുള്ള സിറ്റിംഗ് എംപിമാരും മത്സരരംഗത്തുണ്ടാകും. പ്രദേശിക തലത്തില്‍ വിയോജിപ്പുണ്ടെങ്കിലും പത്തനംതിട്ടയില്‍ ആന്റോ ആന്റണി തന്നെ വരുമെന്നു കെപിസിസി നേതൃത്വം അറിയിക്കുന്നു. എല്ലാ കാലത്തും ഇവിടെ പ്രാദേശികവാദം ഉന്നയിച്ചു കുറച്ചു നേതാക്കള്‍ രംഗത്തു വരാറുള്ളതാണ്. കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റുകള്‍ നേടിയെടുത്തു കേന്ദ്രത്തില്‍ അധികാരത്തില്‍ വരാനുള്ള സാധ്യത തല്ലിക്കെടുത്താനുള്ള നീക്കത്തെ മുളയിലെ നുള്ളിക്കളയും.
യുഡിഎഫിലെ ഘടകകക്ഷികളെ ഒരു വിധം മെരുക്കിയെടുക്കാന്‍ കോണ്‍ഗ്രസിനു സാധിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എം, മുസ്ലീംലിഗ് എന്നീ പാര്‍ട്ടികള്‍ സീറ്റിന്റെ കാര്യത്തില്‍ ഏകദേശധാരണയായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ഒരു സീറ്റിലും മുസ്ലീംലിഗ് രണ്ട് സീറ്റിലും മത്സരിക്കാനുള്ള തീരുമാനം തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, എല്‍ഡിഎഫില്‍ ഘടകകക്ഷികളെ ഒതുക്കിയെന്ന പ്രചാരണം ശക്തമാണ്. മുഴുവന്‍ സീറ്റുകളും സിപിഎമ്മും സിപിഐയും വീതം വച്ചെടുത്തിരിക്കുകയാണ്.
എം.പി. വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക ജനതാദളും കെ. കൃഷ്ണന്‍കുട്ടിയുടെ ജനതാദള്‍ എസും സീറ്റില്ലാതെ പുറത്തുനില്‍ക്കുകയാണ്. കഴിഞ്ഞ പ്രാവശ്യം കോട്ടയത്തു മത്സരിച്ച ജനതാദള്‍ എസിനു സീറ്റ് കൊടുക്കാതെ സിപിഎം തിരിച്ചെടുത്തു. പകരം സീറ്റില്ല. മലബാര്‍ മേഖലയില്‍ ഒരു സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലോക് താന്ത്രിക് ജനതാദള്‍. കോഴിക്കോട് സീറ്റ് ലഭിക്കുമെന്നാണ് ഇവര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. എന്‍സിപിയും മറ്റു കക്ഷികളും വെറും ചര്‍ച്ചകള്‍ മാത്രമാണ് നടത്തിയത്. ഈസാഹചര്യത്തില്‍ ശക്തരായ സ്ഥാനാര്‍ഥികളെ ഇറക്കി കളം പിടിച്ചെടുക്കാനാണ് യുഡിഎഫിന്റെ തീരുമാനം.