സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിനുള്ള നിര്‍ണായക യോഗങ്ങള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമായി. കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗത്തിന് ശേഷം അന്തിമ പട്ടികയ്ക്ക് രൂപം നല്‍കും. മൂന്ന് ദിവസത്തിനകം സ്ഥാനാര്‍ഥികളുടെ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് വിവരം.
92 സീറ്റുകൾ
സാധ്യത പട്ടികയില്‍ ആളുകളുടെ ബാഹുല്യം കാരണം പരമാവധി വെട്ടിയൊതുക്കി ചുരുക്കപ്പട്ടികയുമായി വന്നാല്‍ മതിയെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. സ്ക്രീനിംഗ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്ന് പട്ടികയിലെ സാധ്യതാ സ്ഥാനാര്‍ഥികളുടെ പേരുകള്‍ വെട്ടിച്ചുരുക്കും.
തുടര്‍ന്നാണ് പന്ത്രണ്ടംഗ കേന്ദ്ര തെരഞ്ഞെടുപ്പു സമിതിക്കും കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കുളം ഇരുന്ന 92 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത്.
അറുപത് ശതമാനത്തോളം സീറ്റുകള്‍ വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും നല്‍കണമെന്ന് നിര്‍ദേശം ഉള്ളതിനാല്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍ ഉണ്ടായേക്കും. ചില സിറ്റിംഗ് സീറ്റുകളിലും മാറ്റമുണ്ടായേക്കും.
മുല്ലപ്പള്ളി
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിച്ചേക്കും. രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി ഇന്നെത്തും. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി ചേര്‍ന്ന് ഇവര്‍ ചര്‍ച്ചകള്‍ നടത്തും.
നേരത്തേ കേരളത്തില്‍ എച്ച്.കെ പാട്ടീലിന്റെ നേതൃത്വത്തില്‍ സ്ക്രീനിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് ചുരുക്കപ്പട്ടിക തയാറാക്കിയിരുന്നു. അനാരോഗ്യം മൂലം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു പകരം രാഹുല്‍ ഗാന്ധി ആയിരിക്കും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
21 സിറ്റിംഗ് സീറ്റുകളില്‍ മാറ്റം വേണ്ടെന്ന ധാരണ അനുസരിച്ച് ആ സീറ്റുകളിലെ പ്രഖ്യാപനം ആദ്യമുണ്ടായേക്കും. സ്ഥാനാര്‍ഥി ചര്‍ച്ച സംബന്ധിച്ച് ഒരു വിവരവും പരസ്യപ്പെടുത്തരുതെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.