എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക വൈകുന്നതിന്റെ കാരണം സ്ഥാനാർഥികളായി പരിഗണിക്കുന്നവർക്കെതിരേയുള്ള പ്രാദേശിക എതിർപ്പും ഗ്രൂപ്പുകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും.
ഇപ്പോൾ 81 സീറ്റുകളിൽ തീരുമാനമായെന്നു കോൺഗ്രസ് നേതൃത്വം പറയുന്പോഴും പട്ടികയിൽ ഉള്ള പലർക്കുമെതിരേയും പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്.
ഇതിനു പുറമേ ഹൈക്കമാൻഡിലേക്കു പരാതി പ്രളയവുമാണ്. ഈ പരാതികൾ ഹൈക്കമാൻഡ് പരിഗണിക്കുന്നതിനാലാണ് സ്ഥാനാർഥി പട്ടിക ഇത്രയും വൈകുന്നത്.
പിടിവിടാതെ
ഘടക കക്ഷികൾക്ക് കൊടുത്ത ചില സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന ഭീഷണി പല മണ്ഡലങ്ങളിലെയും മുതിർന്ന നേതാക്കൾ എഐസിസി നേതൃത്വത്തിനു മുന്നിൽ ഉയർത്തിയിട്ടുണ്ട്.
ഇവരിൽ കെപിസിസി അംഗങ്ങളും ഉൾപ്പെടുന്നു. ഇപ്പോൾ തീരുമാനമായ 81 സീറ്റുകളിൽ ചിലതിലും തീരുമാനമാകാത്ത പത്തു സീറ്റുകളിലും പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് നിലനിൽക്കുന്നുണ്ട്. ഇവിടെയും രാജി ഭീഷണികൾ പലരും ഉയർത്തിയിട്ടുണ്ട്.
സ്ഥാനാർഥി പ്രഖ്യാപനമുണ്ടായാൽ വലിയ പ്രതിഷേധം കോൺഗ്രസിൽ ഉണ്ടാകുമെന്നു മുന്നിൽകണ്ടാണ് ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടത്താതിരുന്നത്.ഏറ്റവും കൂടുതൽ പ്രതിഷേധം നിലനിൽക്കുന്നത് പീരുമേട്, നിലന്പൂർ, നെടുമങ്ങാട്, വട്ടിയൂർക്കാവ്, കഴക്കൂട്ടം, വർക്കല, തൃപ്പൂണിത്തുറ, കൽപ്പറ്റ, കായംകുളം, ഉദുമ മണ്ഡലങ്ങളിലാണ്.
പ്രാദേശിക നേതൃത്വം ഉയർത്തുന്ന എതിർപ്പുകൾ പുറമേ ചില എംപിമാരും തങ്ങളുടെ നോമിനികളെ സ്ഥാനാർഥിയാക്കണമെന്ന നിലപാടിലാണ്.
വർക്കലയിൽ
വർക്കല മണ്ഡലത്തിൽ ഷാലി ബാലകൃഷ്ണനെ സ്ഥാനാർഥിയാക്കണമെന്ന കടുത്ത വാശിയിലാണ് അടൂർ പ്രകാശ് എംപി. കോന്നിയിൽ റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കണമെന്ന് അടൂർ പ്രകാശ് വാദിക്കുകയും റോബിൻ പീറ്ററെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതേ നയം വർക്കലയിൽ പറ്റില്ലെന്നാണ് ഇതിനെ എതിർക്കുന്നവരുടെ വാദം.
വട്ടിയൂർക്കാവിൽ
വട്ടിയൂർക്കാവിൽ തന്റെ അനുയായിയും കെപിസിസി അംഗവും വട്ടിയൂർക്കാവ് നിയോജക മണ്ഡലം ചെയർമാനുമായ ഡി.സുദർശനനെ സ്ഥാനാർഥിയാക്കണമെന്നാണ് കെ.മുരളീധരന്റെ ആവശ്യം.
ഇതാണ് വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ അവിടുത്തെ മുൻ എംഎൽഎയായ തന്നോട് അഭിപ്രായം തേടിയില്ലെന്ന മുരളീധരന്റെ പരസ്യ പ്രതികരണത്തിനു കാരണം.
നേമത്തെ രഹസ്യം
നേമത്തു കാത്തുവച്ചിരിക്കുന്ന രഹസ്യം എന്താണെന്നു വ്യക്തമാക്കാൻ നേതാക്കൾ ആരും തയാറായിട്ടില്ല. നേമത്ത് ഉമ്മൻ ചാണ്ടി തന്നെ മത്സരിക്കണമെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. എന്നാൽ, സ്ഥാനാർഥിയുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല.
എഐസിസി നേതൃത്വം ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും മുല്ലപ്പള്ളി രാമചന്ദ്രനോടും മത്സരിക്കാനാവശ്യപ്പെട്ടെങ്കിലും മൂവരും അനുകൂല തീരുമാനം പറഞ്ഞില്ല. നേമത്ത് ചെന്നിത്തല ജയിക്കുകയും ഭരണം ലഭിച്ചാൽ മുഖ്യമന്ത്രിയാക്കുകയും ചെയ്യുമെന്ന ഉറപ്പ് ലഭിച്ചാൽ മാത്രം ചെന്നിത്തല നേമത്ത് മത്സരിച്ചാൽ മതിയെന്ന നിലപാടാണ് ഐ ഗ്രൂപ്പിന്.
ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിട്ടു നേമത്ത് മത്സരിക്കുന്നതിനോട് എ ഗ്രൂപ്പിനു കടുത്ത എതിർപ്പാണ്.ൺഗ്രസിന്റെ സംഘടനാ സംവിധാനം അത്ര ശക്തിയല്ലാത്ത സ്ഥിതിയാണ് നേമം മണ്ഡലത്തിൽ ഇപ്പോൾ ഉള്ളത്. ഉമ്മൻ ചാണ്ടിയെ തോൽപ്പിക്കാൻ ബിജെപിയും സിപിഎമ്മും ഒത്തു ചേരാനുള്ള സാധ്യതയും എ ഗ്രൂപ്പ് മുന്നിൽ കാണുന്നു.
കാത്തു കാത്തു ബിജെപി
കോൺഗ്രസിൽ സ്ഥാനാർഥി പട്ടിക പുറത്തു വരുന്നതോടെ അസംതൃപ്തരാകുന്നവരെ ലക്ഷ്യമിടുന്നതു കൊണ്ടാണ് ബിജെപി സ്ഥാനാർഥി പട്ടിക വൈകുന്നത്.
സീറ്റു കിട്ടാത്ത പല കോൺഗ്രസ് നേതാക്കളും ബിജെപിയിലേക്കു പോകുമെന്നു ഭീഷണി ഉയർത്തിയിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയെ നേമത്ത് കൊണ്ടുവരാൻ ഐ ഗ്രൂപ്പും മുല്ലപ്പള്ളി രാമചന്ദ്രനുമാണ് മുന്നിൽ നിൽക്കുന്നത്. ഇതു മനസിലാക്കിയാണ് മുല്ലപ്പള്ളിയെ നേമത്തു പരിഗണിക്കുന്നുവെന്ന വാർത്തകൾ എ ഗ്രൂപ്പ് പുറത്തുവിട്ടത്.
ജോസഫിലും ചർച്ച
എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ സ്ഥാനാർഥികൾ പൂർണ തോതിൽ പ്രചാരണം ആരംഭിച്ചു. കോൺഗ്രസിലെ സീറ്റുറപ്പിച്ച സിറ്റിംഗ് എംഎൽഎമാരും പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
യുഡിഎഫിൽ ഇനി സ്ഥാനാർഥി പ്രഖ്യാപനം നടക്കേണ്ട കക്ഷി പി.ജെ ജോസഫിന്റെ കേരളാ കോൺഗ്രസ് ആണ്. ഇന്നലെ രാത്രി ഏറെ വൈകിയും സ്ഥാനാർഥി പട്ടിക സംബന്ധിച്ച് ചർച്ച നടന്നെങ്കിലും തീരുമാനമായില്ല. പാർട്ടി ശക്തി കേന്ദ്രങ്ങളായ സീറ്റുകളിൽ ഒന്നിലധികം പേർ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇതും തർക്കങ്ങൾക്കു വഴിയൊരുക്കിയിട്ടുണ്ട്.
ഇതിനിടെ, ചർച്ച ഇങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോകുന്നതിൽ ഹൈക്കമാൻഡിനും അതൃപ്തിയുണ്ട്. നാമനിർദേശ പത്രിക സമർപ്പണം തുടങ്ങിയിട്ടും സ്ഥാനാർഥി നിർണയം പൂർത്തിയാക്കാത്തതിലാണ് ഹൈക്കമാൻഡിന് അതൃപ്തി.