അഗർത്തല: ത്രിപുര തെരഞ്ഞെടുപ്പിൽ സിപിഎം-കോൺഗ്രസ് സഖ്യം പൂർണം. ചില മണ്ഡലങ്ങളിൽ സൗഹൃദമത്സരങ്ങൾ ഉണ്ടാകുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും അവസാനനിമിഷം അതും ഒഴിവായി.
ആകെയുള്ള 60 സീറ്റിലും സഖ്യം ധാരണയിലെത്തി. സിപിഎം 43 സീറ്റിലും കോൺഗ്രസ് 13 സീറ്റിലും മത്സരിക്കാനാണു തീരുമാനം. സിപിഐയും ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും ഓരോ സീറ്റിൽ മത്സരിക്കും.
അഗർത്തലയിലെ രാംനഗറിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയെ സഖ്യം പിന്തുണയ്ക്കും.നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാനദിവസവും ഇരുകക്ഷികളും ധാരണയിലെത്തിയിരുന്നില്ല. ഇതേത്തുടർന്ന് 60 മണ്ഡലങ്ങളിൽ സിപിഎം പത്രിക സമർപ്പിച്ചിരുന്നു.
കോൺഗ്രസ് 16 സീറ്റുകളിലും. ഇന്നലെ 17 സീറ്റുകളിലെ സ്ഥാനാർഥികളെ സിപിഎമ്മും മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കോൺഗ്രസും പിൻവലിച്ചു.
സിപിഎം ഭരിച്ചിരുന്ന ത്രിപുരയിൽ ബിജെപി ഭരണമാണ് നിലവിലുള്ളത്. 16നാണ് വോട്ടെടുപ്പ്. മാർച്ച് രണ്ടിന് ഫലം പ്രഖ്യാപിക്കും. മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിൽ 60 സീറ്റുകളിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കും.
നാഷണൽ പീപ്പിൾസ് പാർട്ടി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സംഗ്മ ബിജെപിയുമായി സഖ്യത്തിലായിരുന്നെങ്കിലും വിവിധ വിഷയങ്ങളിൽ ഇരു പാർട്ടികൾക്കിടയിൽ വിയോജിപ്പു ശക്തമാണ്.
നാഗാലാൻഡിൽ അധികാരത്തിലുള്ള നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടിയുമായി ചേർന്ന് 20 സീറ്റുകളിലും ബിജെപി മത്സരിക്കും.