കൊച്ചി: താക്കോല് സ്ഥാനങ്ങളില് പ്രാതിനിധ്യം അനുവദിക്കാത്തതിനെ തുടര്ന്ന് കേരളത്തിലെ കോണ്ഗ്രസ് നേതൃത്വത്തിനെതിരേ ദളിത് നേതാക്കള്. മാര്ച്ച് 23ന് തിരുവനന്തപുരത്ത് ദളിത് പ്രോഗ്രസ് കോണ്ക്ലേവ് നടക്കാനിരിക്കെയാണ് ദളിത് നേതാക്കള് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പിസിസി പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ് തുടങ്ങിയ പ്രധാന താക്കോല് സ്ഥാനങ്ങളില് എസ്സി/എസ്ടി സമൂഹത്തിന്റെ പ്രാതിനിധ്യം ഇല്ലാത്തതാണ് ആക്ഷേപത്തിന് ഇടയാക്കിയിരിക്കുന്നത്. 14 ഡിസിസി പ്രസിഡന്റുമാരിലും 282 ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളിലും ദളിത് സമുദായത്തില്പ്പെട്ട ആരുമില്ല.
ജില്ലാതല യുഡിഎഫ് കമ്മിറ്റിയുടെ ചെയര്മാന്/കണ്വീനര് സ്ഥാനത്ത് ഈ സമുദായത്തില് നിന്ന് ആരും ഇല്ലെന്ന് എസ്സി/എസ്ടി സംയുക്ത സമിതി സംസ്ഥാന കമ്മിറ്റി ആരോപിക്കുന്നു. കേരള സംസ്ഥാനത്തുടനീളമുള്ള 72ലധികം എസ്സി/എസ്ടി സമുദായ സംഘടനകളുടെ പൊതു വേദിയാണ് എസ്സി/എസ്ടി സംയുക്ത സമിതി സംസ്ഥാന കമ്മിറ്റി.
60 ലക്ഷത്തിലധികം ജനസംഖ്യയുള്ള എസ്സി/എസ്ടി സമൂഹത്തിന് കേരള സംസ്ഥാനം രൂപീകരിച്ച് 75 വര്ഷങ്ങള്ക്ക് ശേഷവും കെപിസിസിയില് ദലിത് സമുദായത്തില് നിന്നും ഒരു പ്രസിഡന്റ് ഉണ്ടായിട്ടില്ല. കേരളത്തില് മുമ്പ് കെപിസിസി പ്രസിഡന്റായി നിയമിതരായ 20 പേരില് ഏഴു പേര് മുന്നോക്ക വിഭാഗത്തില് നിന്നുള്ളവരും, ഏഴു പേര് പിന്നാക്ക വിഭാഗത്തില് നിന്നുള്ളവരും (ഒബിസി) നാലു പേര് ക്രിസ്ത്യന് വിഭാഗത്തില് നിന്നുള്ളവരും, രണ്ടു പേര് മുസ്ലീം സമുദായത്തില് നിന്നുള്ളവരുമാണ്.
എസ്സി/എസ്ടി സമുദായത്തില് നിന്നുള്ള ആര്ക്കും പിസിസി പ്രസിഡന്റാകാന് അവസരം ലഭിച്ചിട്ടില്ലെന്നും എസ്സി/എസ്ടി സംയുക്ത സമിതി ആരോപിക്കുന്നു. മുന്നോക്ക പിന്നാക്ക ജാതികള്ക്കും ക്രിസ്ത്യന്, മുസ്ലീം മതവിഭാഗങ്ങള്ക്കും അവസരം നല്കിയിട്ടും എസ്സി/എസ്ടി സമൂഹത്തെ അവഗണിക്കുന്നത് ദലിത് സമൂഹത്തിന് വലിയ വേദനയുളവാക്കുന്നതാണെന്നും സമിതി ഭാരവാഹികള് പറയുന്നു.
- സീമ മോഹന്ലാല്