തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഐസിസിയുടെ ഏകോപന സമിതി സംഘം കേരളത്തിലേക്ക്. അശോക് ഗെഹ്ലോട്ട് നയിക്കുന്ന സംഘം ഇന്നു വൈകിട്ട് തിരുവനന്തപുരത്തെത്തും.
ഇന്നും നാളെയുമായി തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കുള്ള നിർണായക ചർച്ചകൾ നടക്കും. കോൺഗ്രസ് നേതാക്കളുമായും ഘടക കക്ഷി നേതാക്കളുമായും ഏകോപന സമിതി സംഘം ചർച്ചകൾ നടത്തും. നാളെ രാവിലെയാണ് എംപിമാരും എംഎൽഎമാരുമായും ചർച്ച നടത്തുക.
തുടർന്ന് കെപിസിസി ഭാരവാഹിയോഗവും ചേരും. കൂടാതെ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ മേൽനോട്ട സമിതിയുടെ ആദ്യയോഗവും നാളെ ചേരുന്നുണ്ട്.
കൊച്ചിയിലും യോഗം
യുഡിഎഫ് എറണാകുളം ജില്ലാ നേതൃയോഗവും രാവിലെ നടക്കുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതായതോടെ പാർട്ടിയുമായി അസ്വാരസ്യത്തിലായ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കോൺഗ്രസ് യോഗം ചേരുന്നത്.
ജില്ലയിൽ നിന്നുള്ള എംപിമാരും എംഎല്‍എമാരും ഘടകകക്ഷി നേതാക്കളും നിയോജക മണ്ഡലം ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നാളെ രാവിലെ തന്റെ നിലപാട് അറിയിക്കാൻ കെ.വി തോമസ് മാധ്യമങ്ങളെ കാണുന്നുണ്ട്.
അതേ സമയം കെ വി തോമസ് പാർട്ടി വിടുമെന്ന് കരുതുന്നില്ലെന്ന് കോൺഗ്രസ് നേതാവ് പി.സി ചാക്കോ അഭിപ്രായപ്പെട്ടു. കെ.വി തോമസിനെ കെപിസിസി കുറച്ചുകൂടി ഗൗരവമായി പരിഗണിക്കണമായിരുന്നുവെന്നും പി.സി ചാക്കോ പറഞ്ഞു.
കെ.വി തോമസിന്റെ സമ്മർദ തന്ത്രങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന അഭിപ്രായമാണ് പല കോൺഗ്രസ് നേതാക്കൾക്കും. 35 വർഷം എംപിയും എംഎൽഎയും ആയ ആൾ ഇനിയും സ്ഥാനമാനങ്ങൾ ചോദിക്കുന്നത് അപാരമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എൻ.വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.