റെനീഷ് മാത്യു
കണ്ണൂർ: കോൺഗ്രസിലെ സ്ഥാനാർഥികളെ കണ്ടെത്താൻ നടത്തിയ സർവേ റിപ്പോർട്ട് സ്വകാര്യ ഏജൻസി നാളെ എഐസിസിക്കു കൈമാറും.തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടവരുടെ ഒരു പട്ടിക തയാറാക്കാൻ കെപിസിസിയോടു കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു.
കോൺഗ്രസ് മത്സരിക്കുന്ന 90 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക കെപിസിസി എഐസിസി നേതൃത്വത്തിനു കൈമാറിയിരുന്നു.എല്ലാ മണ്ഡലങ്ങളിലും രണ്ടും മൂന്നും പേരടങ്ങുന്ന ആളുകളുടെ പട്ടികയാണ് കെപിസിസി നേതൃത്വം നല്കിയത്.
തുടർന്ന് ഈ പട്ടികയിൽ ഉൾപ്പെട്ട ആളുകളുടെ വിജയസാധ്യത പരിശോധിക്കാനുള്ള സർവേ നടത്താൻ സ്വകാര്യ ഏജൻസിയെ ഏല്പിക്കുകയായിരുന്നു. 90 മണ്ഡലങ്ങളിലാണ് സ്വകാര്യ ഏജൻസി രണ്ടു മാസത്തോളം സർവേ നടത്തിയത്. സർവേ റിപ്പോർട്ട് നാളെ എഐസിസി നേതൃത്വത്തിനാണ് കൈമാറുന്നത്.
ഈ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവരുമായി ചർച്ച നടത്തിയ ശേഷമായിരിക്കും സ്ഥാനാർഥികളെ നിശ്ചയിക്കുക.
ഗ്രൂപ്പിനതീതമായി യുവാക്കൾക്കു കൂടുതൽ പ്രാധാന്യം നല്കിയ സ്ഥാനാർഥികളെ പരിഗണിക്കാനാണ് എഐസിസി കെപിസിസിക്കു നല്കിയ നിർദേശം.ജയസാധ്യതയില്ലാത്തവർ സമ്മർദം ചെലുത്തി സ്ഥാനാർഥി പ്പട്ടികയിൽ ഇടംപിടിക്കുന്ന പതിവ് പരിപാടി ഇത്തവണ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് നേതാക്കൾ.
നിർണായകമായ തെരഞ്ഞെടുപ്പിൽ ഇത്തരം സമ്മർദങ്ങൾക്കു വഴങ്ങിയാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന വിലയിരുത്തൽ നേതൃതലത്തിലുണ്ട്. എന്തായാലും മാർക്ക് ലിസ്റ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.
പ്രത്യേകിച്ചു യുവ നേതാക്കൾക്കു ഇത്തവണത്തെ സ്ഥാനാർഥി പട്ടികയിൽ കാര്യമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. എന്നിരുന്നാലും, കോൺഗ്രസിലെ കാര്യമായതിനാൽ എന്തും സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ ആശങ്ക.