ന്യൂഡൽഹി: 137 വർഷത്തെ ചരിത്രമുള്ള കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്കു മത്സരം നടക്കുന്നത് ആറാം തവണ. 1939, 1950, 1977,1997, 2000 വർഷങ്ങളിലാണ് ഇതിനു മുന്പു മത്സരം നടന്നത്.
1939ൽ മഹാത്മാഗാന്ധിയുടെ സ്ഥാനാർഥിയായിരുന്ന പി. സീതാരാമയ്യ, നേതാജി സുഭാഷ് ചന്ദ്രബോസിനോടു പരാജയപ്പെട്ടു.
സ്വാതന്ത്ര്യത്തിനുശേഷം 1950ൽ നടന്ന തെരഞ്ഞെടുപ്പിൽ പുരുഷോത്തം ദാസ് ടാണ്ഡനും ആചാര്യ കൃപലാനിയും മത്സരിച്ചു.
സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ അനുയായിയായ ടാണ്ഡൻ, അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സ്ഥാനാർഥിയായ കൃപലാനിയെ തോൽപ്പിച്ചു.
1977ൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് ദേവ്കാന്ത് ബറുവ അധ്യക്ഷസ്ഥാനം രാജിവച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ കെ. ബ്രഹ്മാനന്ദ റെഡ്ഢി അധ്യക്ഷനായി.
സിദ്ധാർഥ ശങ്കർ റേ, കരൺ സിംഗ് എന്നിവരെയാണു റെഡ്ഢി പരാജയപ്പെടുത്തിയത്.20 വർഷത്തിനുശേഷം 1997ൽ നടന്ന തെരഞ്ഞെടുപ്പിൽ സീതാറാം കേസരി കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
ത്രികോണ മത്സരത്തിൽ ശരദ് പവാറിനെയും രാജേഷ് പൈലറ്റിനെയുമാണ് കേസരി പരാജയപ്പെടുത്തിയത്. കേസരിക്ക് ഗാന്ധികുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നു.
മഹാരാഷ്ട്രയും ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളും ഒഴിച്ചാൽ മുഴുവൻ സംസ്ഥാന കോൺഗ്രസ് യൂണിറ്റുകളും കേസരിയെ പിന്തുണച്ചു. 6,224 വോട്ട് കേസരി നേടിയപ്പോൾ പവാറിന് 882ഉം പൈലറ്റിന് 354ഉം വോട്ടാണു കിട്ടിയത്.
2000ൽ അധ്യക്ഷസ്ഥാനത്തേക്കു സോണിയ ഗാന്ധിക്കെതിരേ ജിതേന്ദ്ര പ്രസാദ മത്സരിച്ചു. ആദ്യമായായിരുന്നു ഗാന്ധികുടുംബാംഗം മത്സരം നേരിട്ടത്.
എന്നാൽ, വൻ മാർജിനിലായിരുന്നു സോണിയയുടെ ജയം. സോണിയ 7400ലേറെ വോട്ട് നേടിയപ്പോൾ ജിതേന്ദ്ര പ്രസാദയുടെ പെട്ടിയിൽ വീണത് വെറും 94 വോട്ട്! 1998ൽ അധ്യക്ഷയായ സോണിയ 22 വർഷം പാർട്ടി അധ്യക്ഷസ്ഥാനം വഹിച്ചു.
2017-2019 കാലത്ത് രാഹുൽഗാന്ധിയായിരുന്നു അധ്യക്ഷൻ. രാഹുൽ അധ്യക്ഷസ്ഥാനം രാജിവച്ചതോടെ 2019ൽ സോണിയ താത്കാലിക അധ്യക്ഷയായി.
ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് അധ്യക്ഷസ്ഥാനം വഹിച്ചതിന്റെ റിക്കാർഡ് സോണിയയുടെ പേരിലാണ്. സ്വാതന്ത്ര്യത്തിനുശേഷം 40ലേറെ വർഷം ഗാന്ധികുടുംബാംഗം കോൺഗ്രസ് അധ്യക്ഷപദത്തിലുണ്ടായിരുന്നു.
സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കോൺഗ്രസിന് 17 അധ്യക്ഷന്മാരുണ്ടായി. ഇതിൽ അഞ്ചു പേർ ഗാന്ധികുടുംബത്തിൽനിന്നായിരുന്നു.
ജവഹർലാൽ നെഹ്റു(1951-1955 ), ഇന്ദിരാഗാന്ധി(1969, 1978-1984), രാജീവ്ഗാന്ധി(1985-1991), സോണിയഗാന്ധി(1998-2017, 2019-2022), രാഹുൽഗാന്ധി(2017-2019) എന്നിവരാണു സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസ് അധ്യക്ഷസ്ഥാനം വഹിച്ച ഗാന്ധികുടുംബാംഗങ്ങൾ.
ഇത്തവണ അധ്യക്ഷസ്ഥാനത്തേക്കു മല്ലികാർജുൻ ഖാർഗെയും ഡോ. ശശി തരൂരും മത്സരിക്കുന്പോൾ മറ്റൊരു സവിശേഷതയുമുണ്ട്; 24 വർഷത്തിനുശേഷം ഗാന്ധികുടുംബത്തിൽനിന്ന് ആരും മത്സരിക്കുന്നില്ല.
ആചാര്യ കൃപലാനി, പട്ടാഭി സീതാരാമയ്യ, പുരുഷോത്തം ദാസ് ടാണ്ഡൻ, യു.എൻ. ധേബർ, കെ. കാമരാജ്, എസ്. നിജലിംഗപ്പ, ജഗ്ജീവൻ റാം, ശങ്കർ ദയാൽ ശർമ, ദേവകാന്ത് ബറുവ, കെ. ബ്രഹ്മാനന്ദ റെഡ്ഢി, പി.വി. നരസിംഹ റാവു, സീതാറാം കേസരി എന്നിവരാണു സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസ് അധ്യക്ഷപദവിയിലെത്തിയ മറ്റു നേതാക്കൾ.