ന്യൂഡൽഹി: കോണ്‍ഗ്രസിന് ഭരണം കിട്ടിയാൽ പാവങ്ങൾക്കു മിനിമം വരുമാനം എങ്കിലും ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മിനിമം ഇൻകം ഗാരന്റി എന്ന ചരിത്രപദ്ധതി നടപ്പാക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചതായി ഛത്തീസ്ഗഡിൽ കർഷകറാലിയിൽ രാഹുൽ പ്രഖ്യാപിച്ചു.യുപിഎ കാലത്തു നടപ്പാക്കിയ തൊഴിലുറപ്പ് ഭക്ഷ്യസുരക്ഷാ പദ്ധതികളെക്കാൾ വിപുലമാകും ഈ പുതിയ ദാരിദ്ര്യനിർമാർജന പദ്ധതി.
കോണ്‍ഗ്രസിന് അധികാരം കിട്ടിയാൽ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം. കേരളത്തിൽ ഇന്നെത്തുന്ന രാഹുൽ, എറണാകുളത്തെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സമ്മേളനത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തുമെന്നാണു പ്രതീക്ഷ.
“”ഇനിയാരും വിശന്നു കഴിയരുത്. പാവപ്പെട്ടവരായി തുടരുകയുമരുത്. എല്ലാ സംസ്ഥാനങ്ങളിലെയും പാവങ്ങൾക്കു മിനിമം വരുമാനം എങ്കിലും ഉറപ്പാക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചു. പാവങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ഈ തുക നൽകും. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ക്ഷേമപദ്ധതി നടപ്പാക്കുക. മറ്റൊരു രാജ്യത്തും ഇതേപോലൊരു പദ്ധതി ഇന്നേവരെ കൊണ്ടുവന്നിട്ടില്ല”. ഛത്തീസ്ഗഡിലെ റായ്പുരിൽ ഇന്നലെ നടന്ന കർഷക സമ്മേളനത്തിൽ രാഹുൽ ഗാന്ധി വിശദീകരിച്ചു.
പാവങ്ങൾക്കു മിനിമം വരുമാനം ഉറപ്പാക്കുമെന്ന രാഹുൽ ഗാന്ധിയുടെ വാഗ്ദാനം പാലിക്കാൻ ആവശ്യമായ പണം കോണ്‍ഗ്രസ് ഉറപ്പുവരുത്തുമെന്നു മുൻ ധനമന്ത്രി പി. ചിദംബരം പറഞ്ഞു. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ കോണ്‍ഗ്രസ് പ്രകടനപത്രികയിൽ ഉണ്ടാകും. രാജ്യത്തിന്റെ വിഭവങ്ങളിന്മേലുള്ള ആദ്യ അവകാശം പാവങ്ങൾക്കാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുപിഎയുടെ പത്തുവർഷക്കാലത്ത് 14 കോടി പാവങ്ങളെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റിയെന്നും ചിദംബരം അവകാശപ്പെട്ടു.
“”ലക്ഷക്കണക്കിനു സഹോദരങ്ങൾ പട്ടിണിയിൽ കഴിയുന്പോൾ പുതിയ ഇന്ത്യ നിർമിക്കാനാകില്ല. 2019ൽ അധികാരത്തിലെത്തിച്ചാൽ, ഓരോ പാവപ്പെട്ട പൗരനും മിനിമം വരുമാനം ഉറപ്പാക്കാൻ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ വിശപ്പും പട്ടിണിയും അകറ്റാനാണിത്. ഇത് കോണ്‍ഗ്രസിന്റെ ദർശനവും വാഗ്ദാനവുമാണ്”- ട്വിറ്ററിൽ രാഹുൽ അറിയിച്ചു.
ചരിത്രപരമായ തീരുമാനമാണു കോണ്‍ഗ്രസ് നടപ്പാക്കാൻ പോകുന്നത്. അതിനുള്ള അവസരം കോണ്‍ഗ്രസിനു തരിക മാത്രമാണു നിങ്ങൾ ചെയ്യേണ്ടതെന്നും വോട്ടർമാരെ രാഹുൽ ഓർമിപ്പിച്ചു. പതിനഞ്ചു വർഷത്തിനു ശേഷം കോണ്‍ഗ്രസിനെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിച്ച ഛത്തീസ്ഗഡിലെ കർഷകർ അടക്കമുള്ള വോട്ടർമാർക്ക് രാഹുൽ നന്ദി അറിയിച്ചു.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റിക്കൊണ്ടു കാർഷിക കടങ്ങൾ എഴുതിത്തള്ളിയതിന്റെ സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ രാഹുൽ വിതരണം ചെയ്തു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.എൽ. പുനിയ തുടങ്ങിയവരും പങ്കെടുത്തു. ഛത്തീസ്ഗഡിലെ 90 അംഗ നിയമസഭയിൽ 68 സീറ്റുകൾ ഒറ്റയ്ക്കു നേടിയാണു കോണ്‍ഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയത്.
ജോർജ് കള്ളിവയലിൽ