പന്തളം: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ സംയുക്തയോഗം തൽസമയം ഫേസ്ബുക്കിൽ ലൈവായി പ്രദർശിപ്പിച്ച മണ്ഡലം സെക്രട്ടറിക്ക് സസ്പെൻഷൻ. പന്തളം നഗരസഭയിലെ അവിശ്വാസനീക്കം അടക്കമുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്ത യോഗമാണ് ലൈവായത്.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് എൻസിപിടി ഹാളിൽ കോണ്‍ഗ്രസ് വെസ്റ്റ്, ടൗണ്‍ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത യോഗം ചേർന്നത്. യുഡിഎഫ് ജാഥയ്ക്ക് സ്വീകരണം, ഏനാത്ത് പാലത്തിലേക്കുള്ള മാർച്ച്, പന്തളം നഗരസഭയിലെ അവിശ്വാസനീക്കം തുടങ്ങിയവയായിരുന്നു അജണ്ട. യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന മുടിയൂർക്കോണം സ്വദേശിയായ എബിയാണ് ഫേസ്ബുക്കിലെ ലൈവ് കണ്ടെത്തിയത്.
മണ്ഡലം കമ്മിറ്റിയോഗത്തിലെ ചർച്ച കൊഴുക്കുന്നത് പുറത്താകുന്നതിലെ അപകടം തിരിച്ചറിഞ്ഞ എബി ഉടൻ തന്നെ യോഗം നടക്കുന്ന ഹാളിൽ പാഞ്ഞെത്തി. വിവരമറിഞ്ഞതോടെ യോഗത്തിലിരുന്നവർ ഒന്നടങ്കം പ്രതിഷേധമുയർത്തി.
ലൈവ് പ്രദർശിപ്പിച്ച വിവാദനായകനെ യോഗത്തിൽ നിന്ന് പുറത്താക്കിയ ശേഷമാണ് രംഗം ശാന്തമായത്. പിന്നീടാണ്, മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ലൈവ് സംപ്രേക്ഷകനെ സസ്പെൻഡ് ചെയ്തത്.