കുളത്തുപ്പുഴ: കുളത്തുപ്പുഴ കൂവക്കാടിൽ പ്രവര്‍ത്തിക്കുന്ന ഐ എന്‍ ടി യു സി ഓഫീസ് കെട്ടിടം പാര്‍ട്ടി അറിയാതെ കോണ്‍ഗ്രസ് നേതാവ് വാടകയ്ക്ക് നല്‍കിയതായി ആക്ഷേപം. സംഭവമറിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ നിര്‍മാണം തടയുകയും കെട്ടിടത്തിന് മുന്നില്‍ കൊടി നാട്ടുകയും ചെയ്തു.
മൂന്നുവര്‍ഷത്തോളം ഈ കെട്ടിടം എം എ ലത്തീഫ് എന്ന ആൾ സ്വകാര്യ വ്യക്തിക്ക് വാടകക്ക് നല്‍കിയിരുന്നു. ഇവരില്‍ നിന്നും ലക്ഷങ്ങള്‍ അഡ്വാന്‍സായി കൈപ്പറ്റുകയും മാസം അയ്യായിരം രൂപ വാടക ഇനത്തില്‍ വാങ്ങുകയും ചെയ്തിരുന്നതായി പറയുന്നു.
എന്നാല്‍ ഇതില്‍ ഒരുരൂപ പോലും പാര്‍ട്ടിക്കോ തൊഴിലാളി സംഘടനക്കോ ലഭിച്ചിരുന്നില്ലത്രെ. ഇതോടെ പ്രവര്‍ത്തകര്‍ കെപിസിസി അടക്കമുള്ള ഉന്നതര്‍ക്ക് പരാതി നല്കി. തുടര്‍ന്ന് ഒരുമാസം മുമ്പ് ഇവിടെ ഉണ്ടായിരുന്ന വാടകക്കാരെ ഒഴിപ്പിക്കുകയും കെട്ടിടം പാര്‍ട്ടി, ബഹുജന സംഘടനകളുടെ പ്രവര്‍ത്തങ്ങള്‍ക്കായി ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു.
ഇതിനിടയിലാണ് രഹസ്യമായി കെട്ടിടം വീണ്ടും വാടകയ്ക്ക് നല്‍കിയത്. ഇക്കുറി ഒരു ലക്ഷം രൂപ അഡ്വാന്‍സും അയ്യായിരം രൂപ വാടകക്കും സമ്മതിച്ചാണ് കെട്ടിടം സ്വകാര്യ വെക്തിക്ക് വിട്ടുനല്‍കിയതെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു. ഉന്നത നേതാക്കള്‍ക്ക് പരാതി നല്‍കുമെന്ന് കോൺഗ്രസ് നേതാവ് കൂവക്കാട് രമേശ് പറഞ്ഞു.
എന്നാല്‍ പാര്‍ട്ടിയും യൂണിയനുമായി യാതൊരുവിധ ബന്ധവുമില്ലന്നും കെട്ടിട നിര്‍മാണത്തിന് തനിക്ക് ആകെ പിരിഞ്ഞു കിട്ടിയത് 18000 രൂപ മാത്രം ആണെന്നും ആരോപണവിധേയനായ ആൾ പറഞ്ഞു. ഏകദേശം ഏഴുലക്ഷം രൂപ ചിലവായ കെട്ടിട നിര്‍മാണത്തില്‍ തനിക്കുണ്ടായ സാമ്പത്തിക നഷ്ടവും ബാങ്ക് വായ്പ്പയും നികത്തുന്നതിനാണ് കെട്ടിടം വാടകയ്ക്ക് നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു.