പനാജി (ഗോവ): തെരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലിന്റെയും ക്ഷീണത്തിൽ ഒന്ന് ഉറങ്ങിയേറ്റപ്പോഴേക്കും സംസ്ഥാനത്തിന്റെ ഭരണവുംകൊണ്ട് ബിജെപി പോയി. കോൺഗ്രസിന്റെ അലസരാഷ്ട്രീയത്തിന്റെ തൊപ്പിയിൽ ഒരു പൊൻ തൂവലുകൂടി ചാർത്തിക്കിട്ടി. ഇത്തിരി ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഗോവയുടെ ഭരണം ഇപ്പോൾ കോൺഗ്രസിന്റെ കൈയിലിരുന്നേനേയെ ന്നാണ് ദേശീയ മാധ്യമങ്ങൾ ഒന്നടങ്കം കളിയാക്കുന്നത്.
ഇന്നലെ സുപ്രീംകോടതിയുടെ പരിഹാസംകൂടിയായതോടെ കോൺഗ്രസ് നേതൃത്വം ചിരിക്കാനും കരയാനുമാവാത്ത നിലയിൽ. 40 അംഗ നിയമസഭയിൽ 17 എംഎൽമാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് നോക്കിനില്‍ക്കെയാണ് വെറും 13 അംഗങ്ങൾ മാത്രമുണ്ടായിരുന്ന ബിജെപിയുടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽപ്പരമൊരു നാണക്കേട് കോൺഗ്രസിന് ഉണ്ടാകാനില്ല. എംജിപി, ജിഎഫ്പി എന്നീ കക്ഷികളുടെ മൂന്നു വീതം സീറ്റുകളുടെയും രണ്ടു സ്വതന്ത്രന്മാരുടെയം പിന്തുണയോടെയാണ് 13 അംഗങ്ങൾ മാത്രമുള്ള ബിജെപി സർക്കാർ രൂപീകരിച്ചത്.
ഗോവയുടെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി ദിഗ്്വിജയ്സിംഗും സഹായികളായ സെക്രട്ടറി ഗിരീഷ് ചോദങ്കറും സ്ഥാനാർഥി നിർണയ കമ്മിറ്റി ചെയർമാൻ കെ.സി. വേണുഗോപാലും ചേർന്ന് വിജയിച്ച എംഎൽഎമാരുടെ യോഗം ശനിയാഴ്ച ഏഴുമണിക്കു വിളിച്ചിരുന്നെങ്കിലും സമയത്ത് എത്താൻപോലും പല എംഎൽഎമാർക്കും കഴിഞ്ഞില്ല. നേതൃസ്ഥാനത്തെക്കുറിച്ചുള്ള തർക്കം വേറെ. എന്തായാലും ആ സമയത്ത് ബിജെപി പണി നടത്തി.
മനോഹർ പരീക്കർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പോയെങ്കിലും മാനംപോയതു മിച്ചം. ഇത്രയും നേരം എന്തെടുക്കുകയായിരുന്നുവെന്ന മട്ടിലായിരുന്നു കോടതിയും പരിഹസിച്ചത്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും കീഴ്വഴക്കം തെറ്റിച്ച് ഗവർണർ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ അനുവദിച്ചത് തെറ്റാണെന്ന് കോണ്‍ഗ്രസിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ആവർത്തിച്ചു വാദിച്ചപ്പോൾ ഗവർണർക്കു മുന്നിൽ ഉന്നയിക്കേണ്ട കാര്യങ്ങളാണ് കോടതിയിലെത്തിച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. ഗവർണർക്കു മുന്നിൽ ഭൂരിപക്ഷം തെളിയിക്കണമായിരുന്നു. അല്ലെങ്കിൽ ഇവിടെയെങ്കിലും തെളിയിക്കണം. ബിജെപിക്കു പിന്തുണയില്ലെന്നു തെളിയിക്കാൻ കഴിഞ്ഞാൽ 30 സെക്കൻഡ് കൊണ്ട് പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും.
ഗവർണർ വിളിച്ചില്ലെന്നും ക്ഷണിച്ചില്ലെന്നും പറയുന്നതിൽ അർഥമില്ല. എന്താണ് നടക്കുന്നതെന്ന് ഹർജിക്കാർക്ക് അറിയാമായിരുന്നു. നിങ്ങൾക്ക് മുന്നിൽ ഒരു ദിവസമുണ്ടായിരുന്നു. ഒരു രാത്രി മുഴുവൻ ഉണ്ടായിരുന്നു. രാത്രിയിലാണല്ലോ കാര്യങ്ങൾ എല്ലാം നടക്കുന്നതെന്നും കോടതി പരിഹാസത്തോടെയാണ് അഭിഷേക് സിംഗ്വിയോടു ചോദിച്ചത്. വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിൽ അവരെ ഒപ്പം കൂട്ടി ഗവർണർക്കു മുന്നിൽ ധർണ ഇരിക്കുകയാണു വേണ്ടിയിരുന്നതെന്നും ചീഫ് ജസ്റ്റീസ് ഖെഹാർ പരിഹസിച്ചു.