ഷാജിമോന്‍ ജോസഫ്
കൊച്ചി: ഗ്രൂപ്പുകളുടെ ശക്തിചോരുന്നു എന്നു തിരിച്ചറിഞ്ഞതോടെ പുതിയ ലാവണം തേടി കോൺഗ്രസിൽ നേതാക്കളുടെ പരക്കംപാച്ചിൽ. അടിയുറച്ച പഴയ ഗ്രൂപ്പ് പോരാളികൾ വരെ ഗ്രൂപ്പുകളിൽ ഇനി അള്ളിപ്പിടിച്ചു കിടന്നാൽ ഭാവി വെള്ളത്തിലാകുമെന്ന തിരിച്ചറിവിൽ കൂടു മാറാനുള്ള തത്രപ്പാടിലാണ്.
കെ.സുധാകരനെ കെപിസിസി പ്രസിഡന്റും വി.സതീശനെ പ്രതിപക്ഷ നേതാവുമായി നിശ്ചയിച്ചതിനു പിന്നാലെ കോൺഗ്രസിലെ ഗ്രൂപ്പുകളിൽ തുടങ്ങിയ പുകച്ചിൽ ഡിസിസി പ്രസിഡന്റ്മാരുടെ പ്രഖ്യാപനത്തോടെ ആളിക്കത്തുന്നു. കോണ്‍ഗ്രസില്‍ ഉടലെടുത്തിട്ടുള്ള പൊട്ടിത്തെറി പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കു വഴിയൊരുക്കുമെന്നാണ് സൂചന.
കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷനേതാവ് എന്നിവരുടെ നിയമനത്തെത്തുടര്‍ന്നു പാര്‍ട്ടിയുടെ അധികാര സമവാക്യങ്ങളിലുണ്ടായ മാറ്റത്തോടെതന്നെ എ, ഐ ഗ്രൂപ്പുകളില്‍നിന്ന് ഏറെക്കുറെ അകന്ന പല നേതാക്കള്‍ക്കും ഇപ്പോള്‍ കെ.സുധാകരന്, വി.ഡി. സതീശന്, കെ.സി. വേണുഗോപാല്‍ ത്രയത്തോടാണ് ആഭിമുഖ്യം.
ഹൈക്കമാന്‍ഡില്‍ ശക്തമായ സ്വാധീനമുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പിന്‍ബലത്തില്‍ കെ. സുധാകരന്-വി.ഡി. സതീശന് കൂട്ടുകെട്ട് ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ഡിസിസി പ്രസിഡന്റ് നിയമനത്തില്‍ പത്തോളം പേര് സുധാകരന്റെയോ വേണുഗോപാലിന്റെയോ നോമിനികളാണ് എന്നതും ഇവരുടെ മേധാവിത്വം വ്യക്തമാക്കുന്നു.
സ്വാധീനം കുറയുന്നു
മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പാര്‍ട്ടിയിലും ഹൈക്കമാന്‍ഡിലും സ്വാധീനം കുറയുന്നുവെന്ന തിരിച്ചറിവും ഗ്രൂപ്പുകളില്നിന്നകലാന് പലരെയും നിര്‍ബന്ധിതരാക്കുന്നു. ചില പ്രമുഖ നേതാക്കള്‍പോലും തങ്ങളുടെ പഴയ ഗ്രൂപ്പ് മാനേജര്‍മാരോട് ഇപ്പോള്‍ വലിയ താത്പര്യം കാണിക്കുന്നില്ല.
ഉമ്മന്‍ ചാണ്ടിയോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ടി. സിദ്ദിഖ്, പി.സി. വിഷ്ണുനാഥ് തുടങ്ങിയവരൊക്കെ എ ഗ്രൂപ്പില്‍നിന്ന് ഏറെക്കുറെ അകന്നുനില്‍ക്കുകയാണ്.
ഗ്രൂപ്പുമായി മുന്നോട്ടുപോയാല്‍ രാഷ്ട്രീയ ഭാവിയെ ബാധിച്ചേക്കാമെന്നും ഹൈക്കമാന്‍ഡിന്റെ കണ്ണിലെ കരടാകുമെന്നുമുള്ള തിരിച്ചറിവാണ് ഗ്രൂപ്പുകളില്‍നിന്ന് അകലാന്‍ പലരെയും പ്രേരിപ്പിക്കുന്നത്. പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കാനേ വിഴുപ്പലക്കലുകള്കൊണ്ടു കഴിയൂവെന്ന് തിരുവഞ്ചൂരിനെപ്പോലുള്ള നേതാക്കള്‍ തുറന്നടിച്ചു.
ദുർബലമായി എ, ഐ
നേരത്തെ കെപിസിസി പ്രസിഡന്റായി കെ. സുധാകരനെയും പ്രതിപക്ഷനേതാവായി വി.ഡി. സതീശനെയും നിയമിച്ച ഘട്ടത്തില്‍ പാര്‍ട്ടിയില്‍ ചില അസ്വാരസ്യങ്ങള്‍ ഉയര്‍ന്നപ്പോഴും ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
ഇപ്പോള്‍തന്നെ ദുര്‍ബലമായ എ, ഐ ഗ്രൂപ്പുകളില്‍നിന്നു വരുംദിനങ്ങളില്‍ കൂടുതല്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നും ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തി. അങ്ങനെവന്നാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ രാ ഷ്ട്രീയ സമവാക്യങ്ങളില്‍ കാര്യമായ മാറ്റമുണ്ടാവുകയും എ, ഐ ഗ്രൂപ്പുകള്‍ ഏറെക്കുറെ അപ്രസക്തമാവുകയും ചെയ്യും.