സിജോ പൈനാടത്ത്
കൊച്ചി: ഇടവളേയ്ക്കുശേഷം ഗ്രൂപ്പു രാഷ്ട്രീയം പരസ്യമായി തലപൊക്കിയതും പ്രധാന നേതാക്കളെ പൂട്ടാന് സര്ക്കാര് കേസുകള് കടുപ്പിച്ചതും സംസ്ഥാനത്തു കോണ്ഗ്രസിനെ അസാധാരണമായ വിഷമവൃത്തത്തിലാക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്വിയ്ക്കുശേഷം പാര്ട്ടിയ്ക്കു പുതിയ പ്രതിഛായ നല്കാനുള്ള ശ്രമങ്ങളുമായി മുന്നിലുള്ള പ്രബല നേതാക്കള്ക്കെതിരേയുള്ള കേസിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നത് ഗ്രൂപ്പ് പോരിനിടയില് അത്ര എളുപ്പമാവില്ലെന്നതാണ് സ്ഥിതി സങ്കീര്ണമാക്കുന്നത്.
പറവൂര് മണ്ഡലത്തില് നടപ്പാക്കിയ പ്രളയ പുനരധിവാസ പദ്ധതിയായ പുനര്ജനിയില് സാമ്പത്തികമായ ക്രമക്കേടു നടന്നെന്ന ആരോപണത്തിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിജിലന്സ് കേസിന് മുഖ്യമന്ത്രി ഉത്തരവിട്ടത്.
കേന്ദ്രാനുമതിയില്ലാതെ വിദേശത്തുനിന്നു പണം പിരിച്ചെന്നാണ് ആരോപണം. ആരോപണത്തില് കഴമ്പില്ലെന്നു സതീശന് നേരത്തെ വിശദീകരിച്ചിട്ടുള്ളതാണ്.
എങ്കിലും വിജിലന്സ് കേസുമായി മുന്നോട്ടു പോകാനായിരുന്നു സര്ക്കാരിന്റെ തീരുമാനം. ആരോപണങ്ങളില് എന്തെങ്കിലും വസ്തുതയുണ്ടെന്നു പ്രാഥമിക അന്വേഷണത്തില് കണ്ടാല് എഫ്ഐആര് രജിസ്റ്റര് ചെയ്യാനാണു സര്ക്കാര് നീക്കം.
മോന്സന് മാവുങ്കല് മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസില് വഞ്ചനാ കുറ്റം ചുമത്തിയാണു കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തത്.
സുധാകരനെ രണ്ടാം പ്രതിയാക്കിയ കേസില് നാളെ ചോദ്യം ചെയ്യലിനു ഹാജരാകാനും നിര്ദേശിച്ചിട്ടുണ്ട്. മോന്സന്റെ തട്ടിപ്പിന് ഇരകളായ ചിലര് നല്കിയ പരാതിയിലാണു സുധാകരനെതിരേ കേസെടുത്തിട്ടുള്ളത്.
സംസ്ഥാന സര്ക്കാരിന്റെ വീഴ്ചകളെ ശക്തമായി പ്രതിരോധിച്ചുവന്ന സതീശനും സുധാകരനും എതിരേയുള്ള കേസ് കോണ്ഗ്രസിനും പ്രതിപക്ഷത്തിനും വലിയ തിരിച്ചടിയാണ്.
കേസ് പ്രതിപക്ഷ നീക്കങ്ങളെ ദുര്ബലമാക്കുമെന്നും സിപിഎം പ്രതീക്ഷിക്കുന്നുണ്ട്. കോണ്ഗ്രസില് പുതിയ ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിനു പിന്നാലെയാണു കാലങ്ങളായി അടക്കിവച്ചിരുന്ന ഗ്രൂപ്പ് വൈരം വീണ്ടും തലപൊക്കിയത്.
ബെന്നി ബഹനാനും ചില നേതാക്കളും പരസ്യപ്രസ്താവനകളിലൂടെ ഗ്രൂപ്പ് പോരിന് കടുപ്പം കൂട്ടി.പ്രതിപക്ഷ നേതാവിനെതിരേ വിജിലന്സ് കേസെടുത്ത ശേഷവും കോണ്ഗ്രസില് ചില നേതാക്കള് ഗ്രൂപ്പടിസ്ഥാനത്തിലുള്ള പരസ്യ പ്രസ്താവനകള് നടത്തിയിരുന്നു.
അവരൊന്നും വിജിലന്സ് കേസിന്റെ കാര്യത്തില് മിണ്ടിയുമില്ല. ആലുവയില് കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പരിശീലന പരിപാടിയില് ഒരു വിഭാഗം വിട്ടു നിന്നതും പാര്ട്ടിയിലെ ഗ്രൂപ്പ് വടംവലികള് ശക്തമാകുന്നതിന്റെ സൂചനയാണ്.
ഇതിനിടെ കെ. സുധാകരനും വി.ഡി. സതീശനുമെതിരേയുള്ള കേസുകളെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിലൂടെ ഗ്രൂപ്പ് രാഷ്ട്രീയം മറന്ന് പാര്ട്ടിക്ക് ഒറ്റക്കെട്ടായി മുന്നേറാനുള്ള ഊര്ജം ലഭിക്കുമെന്നും ഒരു വിഭാഗം അവകാശപ്പെടുന്നുണ്ട്.