ചവറ: യുഡിഎഫ് ഭരിക്കുന്ന തേവലക്കര ഗ്രാമപഞ്ചായത്തിൽ അധികാരമാറ്റത്തെ ചൊല്ലി എ, ഐ ഗ്രൂപ്പുകൾ പരസ്യപ്പോരിനിറങ്ങിയതോടെ കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളിലായി തേവലക്കരയിൽ കോൺഗ്രസിനുള്ളിലെ അമർഷം മറ നീക്കി പുറത്ത് വന്നത് നിലവിലെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പത്രസമ്മേളനത്തോടെയാണ്.
ചവറ മണ്ഡലത്തിൽ നേതൃപദവികളെല്ലാം യുഡിഎഫ് കയ്യാളുന്ന ഏക പഞ്ചായത്താണ് തേവലക്കര. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഭരണം തുടങ്ങിയത്. രണ്ടര വർഷം കഴിഞ്ഞതോടെ നിലവിലെ പ്രസിഡന്റിനെ മാറ്റി സ്വതന്ത്രന് പ്രസിഡന്റ് സ്ഥാനം നൽകാൻ കരാർ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഐ ഗ്രൂപ്പുകാരനായ മണ്ഡലം പ്രസിഡന്റ് പി ഫിലിപ് പത്ര സമ്മേളനം നടത്തി പ്രഖ്യാപിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അത്തരത്തിലൊരു കരാർ ഉണ്ടാക്കിയിട്ടില്ലന്ന അവകാശവാദവുമായി എ ഗ്രൂപ്പ് നേതാക്കൾ രംഗത്ത് വന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറില്ലായെന്ന് നിലവിലെ പ്രസിഡന്റ് ജോസ് ആന്റണി കൂടി പ്രഖ്യാപിച്ചതോടെയാണ് ഗ്രൂപ്പ് പോര് ശക്തമായത്. പഞ്ചായത്ത് ഭരണമുണ്ടാക്കാൻ സ്വതന്ത്രരായി മത്സരിച്ചു വിജയിച്ച രണ്ട് പേർക്കും സ്ഥിരം സമിതി അധ്യക്ഷ പദവി നൽകാമെന്ന് മാത്രമാണ് അന്ന് ഡിസിസി പ്രസിഡന്റായിരുന്ന സത്യശീലൻ മുമ്പാകെ ഉണ്ടാക്കിയ കരാറെന്നാണ് എ ഗ്രൂപ്പ് നേതാക്കൾ പറയുന്നത്.
രണ്ട് സ്വതന്ത്രന്മാരുടെ പിൻതുണയോടെ പഞ്ചായത്ത് ഭരണം രണ്ടര വർഷം പിന്നിട്ടതോടെയാണ് പടിഞ്ഞാറ്റക്കര രണ്ടാം വാർഡിൽ നിന്നും സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച രാജേഷ് പ്രസിഡന്റ് ആകാൻ രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ പ്രസിഡന്റായിരിക്കുന്ന അരിനല്ലൂർ ആറാം വാർഡിൽ നിന്നും വിജയിച്ച എ ഗ്രൂപ്പുകാരനായ ജോസ് ആന്റണിയെ നീക്കാനുള്ള ശ്രമമാണ് മണ്ഡലം പ്രസിഡന്റിന്റെ നീക്കത്തിന് പിറകിലെന്നാണ് എ ഗ്രൂപ്പുകാർ പറയുന്നത്.
23 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ സ്വതന്ത്രരുൾപ്പെടെ യുഡിഎഫ് 12, എൽഡിഎഫ് 11 മാണ് അംഗസംഖ്യ. ഇതിൽ കോൺഗ്രസ് ഏഴ്, സിഎംപി ഒന്ന്, ആർഎസ്പി രണ്ട്, സ്വതന്ത്രർ രണ്ട്, സിപിഎം അഞ്ച്, സിപിഐ ആറ് എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രനായി മത്സരിച്ച് ജയിച്ചയാൾ രാഷ്ട്രീയ പാർട്ടിയിൽ ചേർന്നാൽ അയാൾ അയോഗ്യനാകുമെന്ന് നിയമം നിലനിൽക്കെ രാജേഷ് പാർട്ടി അംഗത്വത്തിലില്ലെന്നും പരിപാടികളിൽ പങ്കെടുക്കുന്നില്ലായെന്നുമാണ് മണ്ഡലം പ്രസിഡന്റ് പറയുന്നത്.
എന്നാൽ പ്രസിഡന്റ് പറയുന്നത് വ്യാജമാണെന്നും പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്ന് എ ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല സ്വതന്ത്രനായ രാജേഷ് പാർട്ടി പരിപാടികളിലും കമ്മിറ്റിയിലും പങ്കെടുക്കുന്ന തെളിവ് സഹിതം നൽകിയാണ് സിപിഐ അംഗം ഓമനക്കുട്ടൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രാജേഷിനെതിരായി പരാതി നൽകിയിരിക്കുന്നത്.
ഇക്കാരണത്താൽ തെരഞ്ഞെടുപ്പു കമ്മീഷനിൽ കൂറ് മാറ്റം മൂലം കേസ് നേരിടുന്ന രാജേഷ് അയോഗ്യൻ ആക്കപെടാൻസാധ്യത കൂടുതലാണ്. രാജേഷ് എന്ന സ്വതന്ത്രൻ ഒഴികെ ഒരാൾ പോലും തനിക്കെതിരല്ലന്നും ഘടകകക്ഷികളുടെ പൂർണ പിന്തുണ തനിക്കുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് അവകാശപ്പെടുന്നു.
മറ്റൊരു സ്വതന്ത്രയും നിലവിൽ സ്ഥിരം സമിതി അധ്യക്ഷയുമായ ഇരുപത്തിമൂന്നാം വാർഡംഗം സുജാതാ രാജേന്ദ്രനും സ്വതന്ത്രന്റെ നിലപാടിനെതിരെ രംഗത്തു വന്നിട്ടുണ്ടന്നും എ ഗ്രൂപ്പ് നേതാക്കൾ പറയുന്നു.
മുള്ളിക്കാല നാലാം വാർഡ് മെമ്പറായ ഐ ഗ്രൂപ്പിലെ ഷൈനാ സുമേഷിനെ പ്രസിഡന്റാക്കാനുള്ള നീക്കം പൊളിഞ്ഞതിന്റെ ജാള്യത മാറ്റാനാണ് മണ്ഡലം പ്രസിഡന്റ് സ്വതന്ത്രന്റെ പേരു പറഞ്ഞ് രംഗത്ത് വന്നതെന്നും തേവലക്കരയിലെ പാർട്ടിയെ തകർക്കുന്ന നീക്കങ്ങൾക്കെതിരെ കെപിസിസി പ്രസിഡന്റുൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്നും എ ഗ്രൂപ്പു നേതാക്കൾ പറയുന്നു.
എന്നാൽ രണ്ടര വർഷം കഴിഞ്ഞ് പ്രസിഡന്റ് പദവി ഒഴിയാമെന്നുള്ളത് വാക്കാലുള്ള ധാരണയല്ല മറിച്ച് വ്യക്തമായ രേഖകളോടെയാണുണ്ടാക്കിയതെന്നും ഇത് മുതിർന്ന നേതാക്കൾക്കറിവുള്ളതാണെന്നും ഐ വിഭാഗം ഉറപ്പിച്ചു പറയുന്നു. ഇനി വരുന്ന ദിനങ്ങൾ തേവലക്കരയിലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമാകുമെന്ന സൂചനയാണ് നൽകുന്നത്.